സംസ്ഥാനത്ത് മലയോര മേഖലയില്‍ കനത്തമഴ; ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉരുൾ പൊട്ടല്‍; മൂന്നു മരണം.

കോട്ടയത്തുണ്ടായ ഉരുൾപൊട്ടലിലാണ് ഒരു യുവാവ് മരണപ്പെട്ടത്. അതി തീവ്ര മഴയെ തുടർന്നുണ്ടായ ഉരുൾ പൊട്ടലിൽ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിനെ (24) മരണപ്പെട്ട നിലയിൽ മണ്ണിനടിയിൽ നിന്ന് കണ്ടെടുത്തു. ജോണിയുടെ ഭാര്യ റജീനയ്ക്കുവേണ്ടി തെരച്ചിൽ തുടരുകയാണ്.  വാഗമണ്ണിൽ കോലാഹല മേട്ടിൽ വീടിന് മുകളിൽ മണ്ണിടിച്ചിലുണ്ടായി.  ഒരാൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. കൊക്കയാറിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

അതിശക്ത മഴയിൽ ഇടുക്കി കുടയത്തൂര്‍ അടൂര്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിൽ ഒരാൾ മരിച്ചു. കുടയത്തൂർ ഏഴാം വാർഡിൽ മഷിക്കല്ലേൽ രവിയുടെ ഭാര്യ സുമതിയാണ് മരിച്ചത്.  ഒരു വീട് പൂര്‍ണമായും മണ്ണിനടിയിലായി. രണ്ടുപേരെ രക്ഷപ്പെടുത്തി. പത്തനംതിട്ട തൂമ്പാക്കുളത്തും ഉരുൾപൊട്ടലുണ്ടായി.  കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു കുടുങ്ങി കിടന്നയാളുടെ മൃതദേഹം കണ്ടെത്തി. ലീലാമണിയുടെ ബന്ധു വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) ആണ് മരിച്ചത്. 

പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞു വീണു. പൊലീസുകാര്‍ വാഹനം നിര്‍ത്തി ഇറങ്ങിയതിനാല്‍ ആര്‍ക്കും പരുക്കില്ല. ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. ഒരാള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈരാറ്റുപേട്ട വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സവും ഉണ്ടായി. കെ.കെ റോഡില്‍ വെള്ളം കയറി. കോട്ടയത്തിന്റെ കിഴക്കൻ മേഖലയിലും ശക്തമായ മഴയുണ്ട്. മൂന്നിലവിൽ ഉരുൾ പൊട്ടി. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയിലെ ഡ്രൈവർ രാജേഷിന്‍റെ വീട് പൂർണമായും ഒലിച്ചു പോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധയിടങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകൾ ഉണ്ടായി. ആറു കേന്ദ്രങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ചും അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

ആഗസ്റ്റ് 4 വരെയുള്ള ദിവസങ്ങളില്‍ മിതമായതോ നേരിയതോ ആയ മഴ തുടരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതാണ് മഴയ്ക്കു കാരണം. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

വിവിധയിടങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40-50 കി.മീ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മത്സ്യബന്ധനം പാടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം