ഭാരതപ്പുഴയുടെ കര വീണ്ടും ഇടിഞ്ഞു; തൃത്താല യജ്ഞേശ്വരം ക്ഷേത്ര ഊട്ടുപുരയുടെ ഒരു ഭാഗം കൂടി പുഴയിലേക്ക് അടർന്ന് വീണു.

എട്ടു വർഷം മുമ്പുണ്ടായ പ്രളയക്കെടുതിക്ക് പരിഹാരമാവാത്തതിനാൽ നഷ്‌ടപ്പെടുന്നത് ഒരു നാടിൻ്റെ സ്വാസ്ഥ്യം. ഇത്തവണ വൈകിയാണ് കാലവർഷം വന്നതെങ്കിലും ആഗസ്റ്റ് പേടിസ്വപ്നമാവുകയാണ്. തീവ്ര മഴയിൽ ഭാരതപ്പുഴയിലുണ്ടായ നീരൊഴുക്കിനെ തുടർന്ന് തൃത്താല യജ്ഞേശ്വരം ക്ഷേത്രത്തിൻ്റെ ഊട്ടുപുരയുടെ ഒരു ഭാഗം കൂടി പുഴയിൽ വീണതോടെയാണ് തീരവാസികൾ മുൾമുനയിലായത്.

2018 ലെ മഹാ പ്രളയത്തെ തുടർന്നാണ്  വെള്ളിയാങ്കല്ല് പാലത്തിൻ്റെ തെക്ക് വശത്തെ പാർശ്വ സംരക്ഷണ ഭിത്തി വലിയ തോതിൽ തകർന്നത്. പുഴക്കരയിൽ സ്ഥിതി ചെയ്യുന്ന യജ്ഞേശ്വരം ക്ഷേത്രത്തിൻ്റെ ഊട്ടുപുരയുടെ ഒരു ഭാഗം മുമ്പ് പുഴയിലേക്ക് തകർന്ന് വീണിരുന്നു. പുഴയിലെ നീരൊഴുക്ക് വർദ്ധിച്ചതോടെയാണ്  ഇന്നലെ വീണ്ടും വലിയൊരു ഭാഗം കൂടി പുഴയിലേക്ക് പതിച്ചത്. പാർശ്വഭിത്തി തകർന്ന് എട്ടു വർഷമായിട്ടും ഭിത്തിയുടെ പുനർ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

റഗുലേറ്ററിൻ്റെ 27 ഷട്ടറുകളിൽ 23 എണ്ണം  ഉയർത്തിയിട്ടുണ്ടെങ്കിലും കരയോട് ചേർന്ന ഷട്ടറുകൾ കൂടി ഉയർത്തിയാൽ പാലത്തിൻ്റെ തെക്ക് ഭാഗം കൂടുതൽ തകരുമെന്ന ഭീതി നിലനിൽക്കുന്നുണ്ട്. മലമ്പുഴ ഉൾപ്പെടെയുള്ള ഡാമുകൾ തുറന്നു വിടുകയും ഭാരതപ്പുഴയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്താൽ കൂടുതൽ തീരം ഇടിഞ്ഞു വീഴുമെന്ന ഭീതിയിലാണ് നാട്ടുകാർ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം