മഴക്കെടുതിയുമായി ബന്ധപ്പെട്ട് പട്ടാമ്പി മണ്ഡലത്തിലെ വിവിധ വകുപ്പുകളിലെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ശക്തമായ മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്നും മണ്ഡലം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നും മുഹമ്മദ് മുഹ്സിൻ എം.എൽ.എ അറിയിച്ചു.
മഴക്കെടുതി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥതല പ്രവർത്തനങ്ങളും ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള തയ്യാറെടുപ്പുകളും വിലയിരുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം വന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി വില്ലേജ് ഓഫീസർമാർക്ക് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട്. താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ടെന്നും എം.എൽ.എ വ്യക്തമാക്കി.
ജില്ലാ കളക്ടർ നേരിട്ടെത്തി പട്ടാമ്പി പാലം പരിസരങ്ങളിലെ ജലനിരപ്പും മറ്റ് സ്ഥിതിഗതികളും വിലയിരുത്തിയിട്ടുണ്ട്. വെള്ളിയാംകല്ലിലെ 27 ഷട്ടറുകളിൽ 23 എണ്ണമാണ് നിലവിൽ തുറന്നിട്ടുള്ളത്. ബാക്കി 4 ഷട്ടറുകൾ തുറക്കുന്നത് സംബന്ധിച്ച് കളക്ടറുടെയും ഇറിഗേഷൻ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ജലനിരപ്പ് അനുസരിച്ച് പട്ടാമ്പിയിൽ വലിയ വെള്ളപ്പൊക്ക സാധ്യതകളില്ലെന്ന് കളക്ടറെ അറിയിച്ചിട്ടുണ്ട്. റോഡുകളിലേക്ക് അപകടാവസ്ഥയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റിയതിനാൽ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സാധിച്ചിട്ടുണ്ട്.
എന്നിരുന്നാലും മഴ കൂടുതൽ ശക്തമാവുകയാണെങ്കിൽ കൂടുതൽ ജാഗ്രത വേണ്ടിവരുമെന്നും, പുഴയോരങ്ങളിലും തീരങ്ങളിലും താമസിക്കുന്ന ആളുകൾ അതീവ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു. നിലവിൽ വലിയ അപകടകരമായ സാഹചര്യങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും എല്ലാവരും സുരക്ഷിതരായിരിക്കാനും ജാഗ്രതയോടെ വർത്തിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു.
