കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനം ആഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ തിരൂരിൽ നടത്തുന്നതിന് ഒരുക്കമായി. തെരഞ്ഞെടുക്കപ്പെട്ട 599 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏഴിന് വൈകിട്ട് തിരൂർ ടൗൺ ഹാളിൽ പ്രവാസം, മാറുന്ന മുഖം- പ്രവാസി ജീവിതങ്ങളുടെ ഭാവി' സെമിനാറോടെ സമ്മേളനത്തിന് തുടക്കമാവും. പി.എ മുഹമ്മദ് റിയാസ് എം.എൽ.എ സെമിനാർ ഉദ്ഘാടനംചെയ്യും. ഡോ.കെ.ടി ജലീൽ, പി.ശ്രീരാമകൃഷ്ണൻ, കെ.വി അബ്ദുൾ ഖാദർ എന്നിവർ പങ്കെടുക്കും.
എട്ടിന് രാവിലെ പത്തിന് തിരൂർ ടൗൺ ഹാളിൽ സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെ ആദരിക്കും.
ഒമ്പതിന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം പൂങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എ.വിജയരാഘവൻ, കെ.വി അബ്ദുൾ ഖാദർ എന്നിവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.പി അനിൽ, ജനറൽ കൺവീനർ അഡ്വ.ഗഫൂർ പി.ലില്ലീസ്, കേരള പ്രവാസി സംഘം ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി, വൈസ് പ്രസിഡൻ്റ് സി.കെ കൃഷ്ണദാസ്, മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ റൗഫ് എന്നിവർ പങ്കെടുത്തു.
