തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി മുജീബ് റഹ്മാനാണ് (40) പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് കേസിനാധാരമായ സംഭവങ്ങളുടെ തുടക്കം. പിക്കപ്പിൽ വന്ന യുവാവ് റോഡരികിൽ വാഹനം നിർത്തി വയോധിക തനിച്ച് താമസിക്കുന്ന വീട്ടിൽ എത്തുകയായിരുന്നു. വാടക ക്വാർട്ടേഴ്സ് അന്വേഷിച്ച് വന്നതാണെന്ന് വയോധികയോട് പറഞ്ഞു.
ഇവിടെ വാടക വീടില്ലെന്ന് മറുപടി പറഞ്ഞ 65 വയസ് പിന്നിട്ട വയോധികയോട് യുവാവ് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വയോധിക വെള്ളമെടുക്കാൻ വീട്ടിലേക്ക് കയറിയതോടെ യുവാവ് അകത്തു കയറി വയോധികയെ അക്രമിക്കുകയായിരുന്നു.
ബഹളം വച്ച് അടുക്കള വാതിലിലൂടെ കുതറി ഓടിയ വയോധികയെ യുവാവ് പിന്തുടരാൻ ശ്രമിച്ചു. മർദ്ദനത്തിൽ വയോധികയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ യുവാവിനെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വാഹനം ഉപേക്ഷിച്ച് പാടം വഴി ഇയാൾ ഓടിമറഞ്ഞു.
വിവരമറിഞ്ഞ നാട്ടുകാരും പൊലീസും ഉൾപ്പെടെ യുവാവിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ വയോധികയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒറ്റപ്പാലം പോലീസ് കേസെടുത്തു വ്യാപകമായി അന്വേഷണം നടത്തുന്നതിനിടയിൽ പ്രതി എറണാംകുളത്തേക്ക് കടന്നതായി വിവരം ലഭിച്ചു.
ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പെരുമ്പാവൂരിൽ നിന്ന് പ്രതിയെ കണ്ടെത്താൻ പ്രാദേശിക പോലീസിൻ്റെ സഹായം തേടി. വെള്ളിയാഴ്ച ഉച്ചയോടെ ഒറ്റപ്പാലം പൊലീസ് പെരുമ്പാവൂരിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു. സമീപത്തെ കച്ചവട സ്ഥാപനത്തിൽ സെയിൽസ്‌മാനായിരുന്നു ഇയാൾ. ബലാത്സംഗം, ഭവനഭേദനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
