പുറത്തൂർ പടിഞ്ഞാറക്കര അമ്പലപ്പടി അണ്ടിപ്പാട്ടിൽ ഹുസൈൻ (38) ആണ് അറസ്റ്റിലായത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പ്രതിയെ തിരൂർ പൂക്കയിൽ വെച്ച് ബസ് തടഞ്ഞുനിർത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞ ദിവസമാണ് ഹുസൈന്റെ ഭാര്യ ഫൗസിയ (37) യുടെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ തിരൂർ പുഴയിൽ നിന്ന് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഹുസൈൻ ബുധനാഴ്ച അർധരാത്രിയോടെയാണ് ഭാര്യയെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയത്. കൂടുതൽ മീൻ വന്നിട്ടുണ്ടെന്നും മീൻ വാരാൻ വരണമെന്നും പറഞ്ഞാണ് ഹുസൈൻ ഭാര്യയെ കൊണ്ടുപോയത്. വ്യാഴാഴ്ച രാവിലെയായിട്ടും ഇവർ തിരികെയെത്തില്ല.
ജോലിയിലാകുമെന്ന് കരുതി മക്കളും കാര്യമാക്കിയില്ല. എന്നാൽ, വൈകിയിട്ടും ഫൗസിയയെക്കുറിച്ചും ഹുസൈനെക്കുറിച്ചും വിവരമില്ലാതായതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു.
ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയോടെ പടിഞ്ഞാറക്കര ബോട്ട് ജെട്ടിക്ക് സമീപം ചാക്കിൽക്കെട്ടിയ നിലയിൽ ഫൗസിയയുടെ മൃതദേഹം കണ്ടെത്തിയത്. മത്സ്യബന്ധനത്തിന് പോവുകയായിരുന്ന തൊഴിലാളികളാണ് ചാക്ക് കണ്ടത്. തുടർന്ന് പരിശോധിച്ചതോടെ ചാക്കിനുള്ളിൽ മൃതദേഹം കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
ഫൗസിയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽപ്പോയ ഹുസൈനെ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് തിരൂർ പൂക്കയിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഒന്നുമറിയാത്തപോലെ സ്വകാര്യ ബസിൽ സഞ്ചരിക്കുകയായിരുന്ന ഇയാളെ പൊലീസ് സംഘം ബസ് തടഞ്ഞ് പിടികൂടുകയായിരുന്നു. ഹുസൈനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഫൗസിയയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് പറഞ്ഞു.
ഹുസൈൻ സ്ഥിരമായി മദ്യവും ലഹരിയും ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ സ്‌ഥിരമായി വീട്ടിൽ കലഹമുണ്ടാക്കാറുണ്ട്. ബുധനാഴ്ച വൈകിട്ടും ഫൗസിയയുമായി വഴക്കിട്ട് ഫോൺ എറിഞ്ഞു പൊട്ടിച്ചു. അന്നു രാത്രിയാണ് ഫൗസിയയെ വിളിച്ചു കൊണ്ടുപോയത്.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ശരീരത്തിന്റെ പിൻവശത്ത് മുറിവുണ്ട്. ഇത് നങ്കൂരം തട്ടിയുണ്ടായതാകുമെന്നാണ് കരുതുന്നത്. ഫൗസിയ സമീപത്തുള്ള വീടുകളിൽ ജോലിക്കു പോകുന്നയാളാണ്. മക്കൾ: ഷബീബ്, ബിൻസി.

