പൂക്കളമിടൽ, ഊഞ്ഞാലാട്ടം, കമ്പവലി, പുലിക്കളി. നരിപ്പറമ്പ് ജി.യു.പി സ്‌കൂളിൽ ആഘോഷം പൊടി പൊടിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായെത്തിയ അതിഥിയെക്കണ്ട് കുട്ടികൾക്ക് കൗതുകം. മുൻപിൽ സാക്ഷാൽ വിദ്യാഭ്യാസ മന്ത്രി. മന്ത്രിയെക്കണ്ട് കുട്ടികൾ ആഘോഷങ്ങൾ നിറുത്തി അതിഥിക്ക് ചുറ്റും കൂടി. പിന്നെ കുശലം പറച്ചിലായി. ഓണക്കാര്യങ്ങൾ പങ്കു വയ്ക്കലായി. അതിനിടയിൽ മാവേലി വേഷക്കാരന്റെ വക മന്ത്രിക്കു അനുഗ്രഹം.
ഓണമാഘോഷിക്കാൻ മന്ത്രിയെത്തന്നെ കൂട്ടിനു കിട്ടിയതോടെ കുട്ടികൾ സ്‌കൂൾ മുറ്റത്തെ പൂവിളികളും ഓണപ്പാട്ടുകളും ചെണ്ടമേളവും കൊണ്ട് നിറച്ചു. കുരുന്നുകളുടെ മനസ്സിലേക്ക് ഓണപ്പഴമയുടെ കഥകൾ പങ്കുവച്ച മന്ത്രി ഒടുവിൽ ജെൻ ആൽഫകൾക്കൊപ്പം ഓണാവേശത്തിൽ പങ്കു ചേർന്നു. തലപ്പാവ് കെട്ടി, ഓണപ്പാട്ടും പാടി വടംവലി മത്സരത്തിലും പങ്കുചേർന്ന മന്ത്രി കുട്ടികളുടെ ആഹ്ലാദത്തിൽ പങ്കുചേർന്നതോടെ അധ്യാപകരും ആർപ്പു വിളികളുമായി രംഗത്തെത്തി.
നരിപ്പറമ്പ് ജി.യു.പി സ്‌കൂളിലായിരുന്നു പൊതുവിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്റെ സന്ദർശനവും വ്യത്യസ്തമായ ഓണാഘോഷവും നടന്നത്. ഔദ്യോഗിക ഗൗരവമെല്ലാം മാറ്റിവെച്ച്, കുട്ടികളില്‍ ഒരാളായി ഓണക്കളികളിലും സദ്യയിലും പങ്കാളിയായാണ് മന്ത്രി സ്‌കൂളിൽ നിന്നും കുട്ടികളോട് ടാറ്റാ പറഞ്ഞത്.
കുട്ടികള്‍ക്കൊപ്പം 'തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍...' എന്ന ഗാനം പാടിയ മന്ത്രി ഓണത്തിന്റെ പഴമയും തനിമയും ചോര്‍ന്നു പോകാതെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ സാധിച്ചതിന് അധ്യാപകരെ അഭിനന്ദിച്ചു.

