റെയിൽവേയുടെ കടുംവെട്ടിൽ പാലക്കാട് ഡിവിഷന് വീണ്ടും നഷ്‌ടത്തിൻ്റെ ചൂളം വിളി

ദക്ഷിണ റെയിൽവേയ്ക്ക് കീഴിലെ പ്രധാന ഡിവിഷനായ പാലക്കാടിനെ റെയിൽവേ വെട്ടിമുറിച്ചു. ഉള്ളാൾ മുതൽ മംഗളൂരു, പനമ്പൂർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ മൈസൂരു ഡിവിഷനിൽ ചേർത്ത് ഉത്തരവിറക്കി. ഒക്ടോബർ ഒന്നു മുതൽ ഇതു പ്രാബല്യത്തിലാകും.

റെയിൽവേ വികസനത്തിൽ കേരളത്തെ അവഗണിക്കുന്നതിൻ്റെ പുതിയ വേർഷനാണിതെന്ന് ആരോപണമുയർന്നു.  നേരത്തെ പാലക്കാടിനെ വെട്ടിമുറിച്ചാണ് സേലം ഡിവിഷൻ രൂപീകരിച്ചത്. കഞ്ചിക്കോട് കോച്ച് ഫാക്‌ടറി കേരളത്തിന് നിഷേധിച്ചതിനു പിന്നാലെയാണ് വീണ്ടുമൊരു പ്രഹരം. ഇതോടെ പാലക്കാട് ഡിവിഷന്റെ വലിയ വരുമാന സ്രോതസ് അടയും. ഡിവിഷന്റെ ചരക്കു നീക്കത്തിൽ 90 ശതമാനവും മംഗളൂരു മേഖലയിൽ നിന്നാണ്. 2.75 കോടിയാണ് ഇപ്പോഴത്തെ പ്രതിദിന വരുമാനം. നഷ്ടത്തിന്റെ പേരിൽ പിന്നീട് പാലക്കാട് ഡിവിഷനെ പൂർണമായി തഴയാനും ഇത് വഴിയൊരുക്കും. വരുമാനം കുറയുന്നതോടെ പുതിയ ട്രെയിനുകളും പാതകളും അനുവദിക്കുന്നതിലും വലിയ കുറവുണ്ടാകും. നിലവിൽ മംഗളൂരു തുറമുഖം വഴിയുള്ള ചരക്കുകടത്തിൽ വലിയ വരുമാനം ദക്ഷിണ റെയിൽവേക്ക് ലഭിച്ചിരുന്നു. ഇത് കർണാടകയിലേക്ക് തന്നെ കൊണ്ടുപോകാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഡിവിഷൻ വിഭജനം.

ടിക്കറ്റ് വരുമാനത്തിൽ മുന്നിലുള്ള (എ വൺ സ്റ്റാറ്റസ്) മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകൾ ദക്ഷിണ- പശ്ചിമ സോണിലെ മൈസൂർ ഡിവിഷൻ്റെ ഭാഗമാകും. നിലവിൽ 100 കോടി രൂപ വരെ വരുമാനമുള്ള സ്റ്റേഷനുകളാണിത്. 

ന്യൂ മംഗളൂരു പോർട്ട്, മംഗളൂരു കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ്, ഉഡുപ്പി റിഫൈനറി തുടങ്ങിയ വൻകിട കമ്പനികളിലെ ചരക്കുനീക്കം മംഗളൂരു സ്‌റ്റേഷനിലൂടെയാണ്. വൻതോതിൽ അയിരുകൾ, രാസവളങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റിറക്ക് പനമ്പൂർ ഗുഡ്‌സ് യാർഡിലാണ്. ചെന്നൈ, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്ന് എത്തുന്ന വണ്ടികളുടെ പ്രധാന പരിശോധനയും അറ്റകുറ്റപണിയും നടത്തുന്ന കോച്ച് ഡിപ്പോയും മംഗളൂരുവിലാണ്. കൊങ്കൺ റെയിൽവേയുമായി പാലക്കാട് ഡിവിഷനുള്ള ബന്ധം ഇതോടെ മുറിയുകയും ചെയ്യും.

എമർജൻസി ക്വാട്ട ടിക്കറ്റ് അടക്കം ലഭിക്കാൻ കേരളത്തിലുള്ളവർ ഇനി മൈസൂർ ഡിവിഷനെ ആശ്രയിക്കേണ്ടി വരും. ഇത്തരത്തിൽ റിസർവേഷൻ ലഭിക്കുന്നതിൽ വലിയ കുറവായിരിക്കും ഫലം. മലബാർ മേഖലയിലെ റെയിൽവേ ലൈനുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും വികസനത്തെയും ഒപ്പം, ഈ മേഖലയിലെ റെയിൽവേയുമായി ബന്ധപ്പെട്ട വ്യവസായ, വാണിജ്യ പ്രവർത്തനങ്ങളെയും ദോഷകരമായി ബാധിക്കും.

മംഗളൂരു ഭാഗത്തുനിന്ന് കാസർകോട് ജില്ലയിലേക്കുള്ള പുതിയ ട്രെയിൻ സർവീസുകൾ, ഹാൾട്ടുകൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവയ്ക്ക് ഇനി രണ്ട് സോണുകളുടെയും അനുമതി ആവശ്യമായി വരും. ഇതു നടപടികൾ മന്ദഗതിയിലാക്കും. കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷൻ്റെ അനുമതി കൂടി വേണ്ടി വരും.

പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് കൊങ്കൺ റെയിൽവേ, സൗത്ത് വെസ്റ്റേൺ റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വണ്ടികളുടെ കൈമാറ്റ കേന്ദ്രങ്ങളായ തോക്കൂർ, പാഡിൽ എന്നിവ മൈസൂർ ഡിവിഷൻ്റെ കീഴിലാകും. പാലക്കാട് ഡിവിഷൻ മൈസൂർ ഡിവിഷനിലേക്ക് വണ്ടികൾ കൈമാറുന്ന കേന്ദ്രം ഉള്ളാളാകും. കൊങ്കൺ റെയിൽവേയും ദക്ഷിണ റെയിവേയും തമ്മിലുള്ള ഡിവിഷണൽ, സോണൽ അതിർത്തികൾ കൊങ്കൺ റെയിൽവേയും ദക്ഷിണ- പശ്ചിമ റെയിൽവേയും തമ്മിലുള്ള ഡിവിഷണൽ, സോണൽ അതിർത്തികളായി മാറുമെന്നും റെയിൽവേയുടെ ഉത്തരവിലുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം