ഓണക്കാലത്ത് പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാലക്കാട് വലിയങ്ങാടിയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ അധികൃതർ സംയുക്ത പരിശോധന നടത്തി.
ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ സപ്ലൈ ഓഫീസര്‍ എ.എസ് ബീനയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പൊതുവിതരണ വകുപ്പ്, ഫുഡ് സേഫ്റ്റി, ലീഗല്‍ മെട്രോളജി, റവന്യൂ, പോലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വലിയങ്ങാടിയിലെ പലചരക്ക്, പഴം, പച്ചക്കറി, ബേക്കറി തുടങ്ങിയ പൊതുവിപണി സ്ഥാപനങ്ങളില്‍ സ്‌ക്വാഡ് വിശദമായ പരിശോധനയാണ് നടത്തിയത്. പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് കര്‍ശന താക്കീത് നല്‍കി. ഉപഭോക്താക്കള്‍ക്ക് കാണാവുന്ന രീതിയില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് അത് ഉടനടി പ്രദര്‍ശിപ്പിക്കാനുള്ള കര്‍ശന നിര്‍ദ്ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളിലും വിപണിയില്‍ പരിശോധന തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
