‘കാർഷിക കേരളം പുതുയുഗപ്പിറവിയിലേക്ക്’: സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു




മികച്ച ചിത്രത്തിന് ₹20,000 ഒന്നാം സമ്മാനം; എൻട്രികൾ സെപ്റ്റംബർ 30 വരെ.


കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫാം ഫോട്ടോഗ്രാഫി മത്സരം 2026-27ലേക്ക് എൻട്രികൾ ക്ഷണിച്ചു.

‘കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്’ എന്നതാണ് ഈ വർഷത്തെ മത്സര വിഷയം. പ്രായഭേദമന്യേ ഫോട്ടോഗ്രാഫി പ്രേമികൾക്കും കർഷകർക്കും പൊതുജനങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാം.

കേരളത്തിന്റെ കാർഷിക മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും നൂതന മുന്നേറ്റങ്ങളും ദൃശ്യവൽക്കരിക്കുന്ന തനിമയാർന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. 

ഹൈടെക് കൃഷിരീതികൾ, നൂതന കാർഷിക സാങ്കേതികവിദ്യകൾ, കാർഷിക മേഖലയിലെ പുതുസംരംഭങ്ങൾ, സംഘകൃഷി തുടങ്ങി കേരളീയ കാർഷിക രംഗത്തെ പുതുമകളും മാറ്റങ്ങളും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ മത്സരത്തിന് സമർപ്പിക്കാം. 

കാർഷിക മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ, നൂതന ആശയങ്ങൾ, കൂട്ടായ്മകൾ, സംരംഭകത്വം എന്നിവയിലൂടെ രൂപപ്പെടുന്ന പുതിയ കാർഷിക കേരളത്തിന്റെ നേർക്കാഴ്ചകൾ പൊതുസമൂഹത്തിനു മുന്നിലെത്തിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ചിത്രത്തിന് ₹20,000, രണ്ടാം സ്ഥാനത്തിന് ₹10,000, മൂന്നാം സ്ഥാനത്തിന് ₹5,000 എന്നിങ്ങനെ സമ്മാനം നൽകും. ഇതിനു പുറമെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് ₹1,000 വീതം പ്രോത്സാഹന സമ്മാനവും നൽകും.

ഒരു മത്സരാർത്ഥിക്ക് പരമാവധി മൂന്ന് ചിത്രങ്ങൾ വരെ സമർപ്പിക്കാം. ചിത്രങ്ങൾക്ക് കുറഞ്ഞത് 300 DPI റെസല്യൂഷനും 3 MB ഫയൽ വലുപ്പവും ഉണ്ടായിരിക്കണം. ഡിജിറ്റലായി എഡിറ്റ് ചെയ്ത ചിത്രങ്ങളും മുൻവർഷങ്ങളിൽ മത്സരത്തിന് സമർപ്പിച്ച ചിത്രങ്ങളും പരിഗണിക്കുന്നതല്ല.

മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എൻട്രികൾ സെപ്റ്റംബർ 30-ന് മുമ്പായി farmphotography2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. 

കൂടുതൽ വിവരങ്ങൾക്ക് 8078095860 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം