ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻ്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവ മാതാവിന്റെ ജനനപ്പെരുന്നാളും എട്ടുനോമ്പാചരണവും 44-ാമത് എട്ടുനോമ്പ് സുവിശേഷ മഹായോഗവും സെപ്റ്റംബർ ഒന്ന് മുതൽ എട്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്തംബർ ഒന്ന് മുതൽ എട്ടുവരെയുള്ള ദിവസങ്ങളിൽ രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാന, ദൈവ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, പകൽ ധ്യാനയോഗം, വൈകീട്ട് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, എട്ടുനോമ്പ് സുവിശേഷ യോഗം, പ്രാർത്ഥന ഗോപുരം എന്നിവ നടക്കും.
സെപ്റ്റംബർ ഒന്നിന് രാവിലെ നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് വന്ദ്യ ഫാ.എൻ.കെ ജേക്കബ് കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും.
ഒന്ന് മുതൽ ആറുവരെയുള്ള ദിവസങ്ങളിൽ വൈകീട്ട് ഏഴിന് നടക്കുന്ന സുവിശേഷ യോഗങ്ങളിൽ ഫാ.ജിനു പള്ളിപ്പാട്ട്, ഫാ.മാത്യൂസ് ജോർജ് തോക്കുപാറ, ഫാ. ജേക്കബ് മഞ്ഞളി, ഫാ.തമ്പി മാറാടി, ഫാ.ഏലിയാസ് അരീക്കൽ തോട്ടകം, ഫാ.മാത്യൂസ് ഈരാളിൽ എന്നിവർ വചനസന്ദേശം നൽകും. സെപ്റ്റംബർ അഞ്ചിന് രാത്രി 9.30ന് മുട്ടുകുത്തൽ വഴിപാടും നടക്കും.
സെപ്റ്റംബർ ആറിന് ഞായറാഴ്ച രാവിലെ യാക്കോബ് മോർ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും. തുടർന്ന് പരിശുദ്ധ യൂയാക്കീം മോർ കൂറിലോസ് ബാവ, മലങ്കരയുടെ പ്രകാശ ഗോപുരം പൗലോസ് ദ്വിതീയൻ ശ്രേഷ്ഠ കാതോലിക്ക ബാവ, ദിവംഗതരായ ഇടവക വൈദികർ എന്നിവരുടെ അനുസ്മരണ സമ്മേളനം നടക്കും.
സെപ്റ്റംബർ ഏഴിന് വൈകീട്ട് സന്ധ്യാ നമസ്കാരത്തിന് തുമ്പമൺ ഭദ്രാസനാധിപൻ മോർ മിലിത്തിയോസ് യൂഹാനോൻ മുഖ്യകാർമികനാകും. തുടർന്ന് രാത്രി ഏഴിന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധമായ എട്ടുനോമ്പ് റാസ നടക്കും. തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിന്റെ വിശുദ്ധ സുനോറോ വണക്കം, അത്താഴസദ്യ എന്നിവ നടക്കും.
സെപ്റ്റംബർ എട്ടിന് രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് വന്ദ്യ ഫാദർ ഡോ.രാജൻ മാണി കോർ- എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണവും നേർച്ചസദ്യയോടെ പെരുന്നാൾ സമാപിക്കും.
ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണിൽ, ട്രസ്റ്റി സി.യു ശലമോൻ, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
