അത് അപകടമല്ല; കൊലപാതകമെന്ന് യുവാവിൻ്റെ കുടുംബം

തൃശൂർ പുതുക്കാട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട 22 കാരൻ്റേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം രംഗത്ത്. തിരുമിറ്റക്കോട് സ്വദേശിയായ റിജാസ് ആണ് ഞായറാഴ്‌ച തൃശൂർ പുതുക്കാട് സെന്ററിൽ വെച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. 

അപകടത്തിൻ്റെ ദൃശ്യങ്ങളും റിജാസിനൊപ്പം സഞ്ചരിച്ച സുഹൃത്തിൻ്റെ മൊഴിയും പുറത്ത് വന്നതോടെയാണ്  ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നത്. അപകടത്തിന് നിമിഷങ്ങൾ മുൻപ് പിക്കപ്പ് വാൻ ഡ്രൈവറും റിജാസും തമ്മിൽ തർക്കമുണ്ടായിരുന്നതായി പറയുന്നു.

ഇതിന് പിന്നാലെയാണ് പിക്കപ്പ് വാനും റിജാസ് സഞ്ചരിച്ച ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. റിജാസിന്റെ മരണം ആദ്യഘട്ടത്തിൽ അപകട മരണമെന്നാണ് ധരിച്ചിരുന്നത്. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങളിൽ പിക്കപ്പ് വാൻ മനഃപൂർവ്വം ഇടിപ്പിക്കുന്നത് കാണാം. സംഭവ സ്ഥലത്തുവെച്ചു തന്നെ റിജാസ് മരണത്തിന് കീഴടങ്ങിയിരുന്നു. അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

കോട്ടയം ഭാഗത്ത് നിന്ന് പാലക്കാട് ഭാഗത്തേയ്ക്ക് വരികയായിരുന്നു റിജാസും സുഹൃത്തും. ശേഷം പിന്നിൽ എത്തിയ പിക്കപ്പ് വാൻ ബൈക്ക് ഇടിച്ചു തെറിപ്പിച്ച് വലിച്ചിഴച്ചു മുൻപോട്ടു പോവുകയായിരുന്നു. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് പുതുക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതൊരു നരഹത്യ മാത്രമായി ഒതുക്കരുതെന്നും, സമഗ്രമായ അന്വേഷണം വേണമെന്നും റിജാസിന്റെ പിതാവ് മാനു ആവശ്യപ്പെട്ടു. തൃശൂർ റൂറൽ എസ്‌പി ഉൾപ്പടെ കുടുംബം പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം