തൂതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട എട്ടുവയസ്സുകാരൻ്റെ മൃതദേഹം മൂന്നാം നാളിൽ കണ്ടെത്തി

ഒരു കുടുംബത്തിൻ്റെ മുഴുവൻ പ്രതീക്ഷയും ജലരേഖയായി. പുഴക്കരയിൽ മകനെ കാത്തിരുന്ന കുടുംബത്തിന് ഇന്ന് രാവിലെ അശനിപാതം പോലെ ആ വാർത്ത എത്തി. കളിചിരികളില്ലാത്ത ലോകത്തേക്ക് അവൻ യാത്രയായിരിക്കുന്നു.

ഓണാവധിക്ക് ഉമ്മയുടെ വീട്ടിൽ കുടുംബ സമേതം എത്തിയ സഹദ് (8) വീട്ടുകാരോടൊപ്പം ബുധനാഴ്ച വൈകുന്നേരം പുഴ കാണാൻ പോയതായിരുന്നു. 

സഹോദരൻ സഹലിനും ഉമ്മയ്ക്കും വല്ലിമ്മയ്ക്കുമൊപ്പം തിരുവേഗപ്പുറ പൈലിപ്പുറം കാളിയാർവട്ടം കടവിലാണ് അവർ സായാഹ്നം ചെലവഴിക്കാൻ എത്തിയത്. അരികെ ഒരു ദുരന്തം കാത്തു നിൽക്കുന്നുണ്ടെന്ന കാര്യമറിയാതെ അവർ ഏറെ നേരം കളിചിരികളുമായി കഴിഞ്ഞു.

പുഴയുടെ മണൽ തിട്ടിൽ കളിച്ച ശേഷം കൈ കാൽ കഴുകാൻ സഹദ് വെളളത്തിലിറങ്ങിയതായിരുന്നു. എന്നാൽ അടിയൊഴുക്കുളള തൂതപ്പുഴ ആ എട്ട് വയസ്സുകാരനെ വാരിയെടുത്ത് കൊണ്ടുപോയി.

ആ കാഴ്ച കണ്ടു നിന്നവർ അലമുറയിട്ടു. സഹോദരൻ സഹൽ  രക്ഷിക്കാൻ പുഴയിൽ എടുത്തു ചാടി. ഇരുവരും ഒഴുക്കിൽപ്പെട്ടു. ഓടിക്കൂടിയവർ സഹലിനെ വലിച്ചു കയറ്റി.

എന്നാൽ കാണാതായ സഹദിനു വേണ്ടിയുളള തിരച്ചിൽ അവസാനിച്ചത് മൂന്നാം വെളുപ്പിന് ഇന്ന് പൊന്നാനിയിലാണ്. ബുധനാഴ്ച വൈകുന്നേരം തുടങ്ങിയ തിരച്ചിൽ മൃതദേഹം കണ്ടെത്തിയതോടെയാണ് അവസാനിച്ചത്.

പട്ടാമ്പി, ഷൊർണൂർ, പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനകളും, പൈലിപ്പുറത്തെ മുങ്ങൽ വിദഗ്ദരും, സ്കൂബാ ടീമും, പൊലീസും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തിയത്.

കൊടുമുണ്ട മൂർക്കൻകുഴി അബ്ദുൽ ഹക്കീമിന്റെയും മുർഷിദയുടെയും മകനാണ് സഹദ്. പള്ളിപ്പുറം സഫ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം