ഓണനാളുകളിൽ നേട്ടം കൊയ്ത് സപ്ലൈകോയും ബെവ്കോയും മിൽമയും

അത്തം വെളുക്കുകയും ഓണനാളുകൾ കറുക്കുകയും ചെയ്തെങ്കിലും അതൊന്നും വിപണിയെ  ബാധിച്ചില്ല. മുൻകാല റിക്കാർഡുകൾ ഭേദിച്ചു കൊണ്ട് സപ്ലൈകോയും ബെവ്കോയും മിൽമയും മറ്റും നേട്ടം കൊയ്തു.

ഓണനാളുകളിൽ 35 ദിവസത്തിനിടെ  സപ്ലൈകോയുടെ വിറ്റുവരവ് 433.81 കോടി രൂപയാണ്. ജൂലൈ 22 മുതൽ ആഗസ്റ്റ് 25 ഉത്രാട ദിനം വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷം ഓണക്കാലത്ത് ആഗസ്റ്റ് ഒന്ന് മുതൽ സെപ്റ്റംബർ നാല് വരെ  35 ദിവസത്തെ വിറ്റുവരവ് 385 കോടിയായിരുന്നു. 

ഈ വർഷം ഓണം ഫെയറുകളിലും  സപ്ലൈകോ വില്പന ശാലകളിലും തിരക്ക് വർധിച്ചതോടെ 35 ദിവസത്തിനിടെ 433.81 കോടി വിറ്റുവരവ് നേടാൻ സപ്ലൈകോക്ക് കഴിഞ്ഞു. ഏറ്റവും കൂടുതൽ വിറ്റുവരവ് നടന്നത് ഉത്രാട ദിനത്തിലാണ്, 27.85 കോടി. ആകെ വിറ്റു വരവിൽ 155.39 കോടി സബ്‌സിഡി ഇനത്തിലും 278.42 കോടി സബ്‌സിഡിയിതര ഇനത്തിലുമാണ്. 

സബ്‌സിഡി വെളിച്ചെണ്ണ കഴിഞ്ഞ വർഷത്തേക്കാൾ 35 ശതമാനം വില കുറച്ചാണ് ഇത്തവണ നൽകിയത്. 53.86 ലക്ഷം പേരാണ് സപ്ലൈകോയിൽ നിന്ന് ഈ 35 ദിവസത്തിനിടെ സാധനങ്ങൾ വാങ്ങിയത്.

മിൽമ വിറ്റഴിച്ചത് 1.45 കോടി ലിറ്റർ പാൽ

ഓണക്കാലത്ത് മിൽമയുടെ പാലുല്പന്നങ്ങളുടെ വില്പനയിൽ ഗണ്യമായ വർധനയും ഉണ്ടായി.  ഉത്രാടം വരെയുള്ള അഞ്ച് ദിവസങ്ങളിൽ മാത്രം 1,45,76,846.63 ലിറ്റർ പാലാണ് മിൽമ വിറ്റഴിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 5.61 ശതമാനം വർധനയാണ് ഇത്തവണ ഉണ്ടായത്. തൈരിൻ്റെ മൊത്തം വില്പന 18,09,331.50 കിലോഗ്രാമാണ്. 9.68 ശതമാനം വർധന. 

തിരുവനന്തപുരം റീജ്യണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂനിയൻ പാലിൻ്റെ വില്പനയിൽ ആഗസ്റ്റ് 20 മുതൽ 25 വരെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5.86 ശതമാനം വർധന  രേഖപ്പെടുത്തി. തെരിന്റെ വില്പനയിലും 7.94 ശതമാനം  വർധനവുണ്ടായി. 297.85 ടൺ നെയ്യാണ് ആഗസ്റ്റ് ഒന്നിനും 25നുമിടയിലുള്ള ദിവസങ്ങളിൽ വിറ്റത്. എറണാകുളം റീജ്യണൽ കോപ്പറേറ്റീവ് മിൽക്ക്‌ പ്രൊഡ്യൂസേഴ്സ‌് യൂനിയൻ ആഗസ്റ്റ് 20 മുതൽ 25 വരെ പാൽ വില്പനയിൽ 4.62 ശതമാനവും തൈരിൻ്റെ വില്പനയിൽ 16.44 ശതമാനം വളർച്ച രേഖപ്പെടുത്തി.

മദ്യവില്പനയിലും വൻ കുതിപ്പ് 

ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യ വില്പനയിൽ വൻ വർധനവ് ഉണ്ടായി. ഉത്രാടം വരെയുള്ള എട്ട് ദിവസത്തിനിടെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോയും കൺസ്യൂമർ ഫെഡും വഴി വിറ്റത്. കഴിഞ്ഞ വർഷം ഇത് 694.96  കോടിയായിരുന്നു. ഉത്രാട ദിനത്തിൽ മാത്രം സംസ്ഥാനത്ത് 126.31 കോടി രൂപയുടെ മദ്യവില്പന നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കൺസ്യൂമർ ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഔട്ട്ലെറ്റുകൾ വഴി മാത്രം ഉത്രാടത്തിന് 20 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. എന്നാൽ ഏത് ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചതെന്ന വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല. അത്തരത്തിൽ പ്രചാരണം നടത്തുന്നത് ഉചിതമല്ലെന്ന് എക്സൈസ് മന്ത്രി എം.ലിജു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം