സാമൂഹ്യക്ഷേമ പെൻഷൻ ഇനി വീട്ടിലെത്തില്ല; സഹകരണ ബാങ്കുകളെ ഒഴിവാക്കി

സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. 

കഴിഞ്ഞ സർക്കാറിൻ്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കലക്ഷൻ ഏജൻ്റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റുന്നത്.

ഇനി മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ്  പെൻഷൻ നൽകുക. കേന്ദ്ര സർക്കാറിൻ്റെ മാനദണ്ഡം പാലിച്ചാണ് പുതിയ തീരുമാനമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. കിടപ്പുരോഗികൾക്ക് മാത്രം പെൻഷൻ തുക നേരിട്ട് എത്തിക്കുമെന്ന് പറയുന്നുണ്ട്.  ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കളെയും പരിഗണിക്കും. 

പെൻഷൻ വീട്ടിലെത്തിക്കുക വഴി സഹകരണ സംഘങ്ങൾക്ക് നൽകാൻ ഇൻസെൻ്റിവ് ഇനത്തിൽ വരുന്ന ചെലവ് ഒഴിവാക്കാനാണ് തീരുമാനം.  സാധാരണക്കാരായ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഈ ഉത്തരവ്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. 

മുമ്പ് തപാൽ ഓഫീസുകൾ വഴി മണി ഓർഡറായാണ് പെൻഷൻ നൽകിയിരുന്നത്. അന്ന് മണി ഓർഡർ കമ്മീഷൻ്റെ പേര് പറഞ്ഞാണ് ഉമ്മൻ ചാണ്ടി സർക്കാർ ആ സംവിധാനം പൂർണ്ണമായും ഒഴിവാക്കി വിതരണം നാഷണലൈസ് ബാങ്ക് വഴിയാക്കിയത്.

പിന്നീട് പിണറായി സർക്കാരാണ് സഹകരണ ബാങ്ക് മുഖേന ക്ഷേമ പെൻഷൻ വിതരണം തുടങ്ങിയത്. ഇപ്പോൾ കലക്ഷൻ ഏജൻ്റുമാരുടെ കമ്മീഷൻ ലാഭിക്കാനാണ് വീണ്ടും നാഷണലൈസ് ബാങ്കുകളിലേക്ക് മാറ്റുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം