അമിത വേഗതയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചു കയറി രണ്ടു പേരുടെ ജീവനെടുത്തു

കോഴിക്കോട് - തൃശൂർ റൂട്ടിലോടുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് നിയന്ത്രണം വിട്ട് എതിരെ വന്ന വാഹനങ്ങളിലേക്കും തുടർന്ന് വീടിൻ്റെ മതിലും ഗെയിറ്റും തകർത്ത് രണ്ടു പേരുടെ ജീവനെടുത്തു. അപകടത്തിൽ പത്ത് പേർക്ക് സാരമായി പരിക്കേറ്റു.

കുന്നംകുളം പാറേമ്പാടത്താണ് നാടിനെ നടുക്കിയ സംഭവം. കാറിൽ യാത്ര ചെയ്തിരുന്ന പെരുമ്പിലാവ് സ്വദേശിനി റിയ ഫാത്തിമ (19), കാണിപ്പയ്യൂർ അയ്യംപറമ്പ് തങ്കമണി (72) എന്നിവരാണ്‌ മരിച്ചത്.

കോഴിക്കോട്ടു നിന്ന് തൃശൂരിലേക്ക് പോയിരുന്ന ബസ് കുന്നംകുളം എത്തുന്നതിൻ്റെ തൊട്ടു മുമ്പ് പാറേമ്പാടത്താണ്  അപകടത്തിൽപ്പെട്ടത്.  പത്ത് പേരുടെ നില ഗുരുതരമാണ്.

അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം കാറിലും തുടർന്ന് വാൻ, ഓട്ടോ, ബൈക്ക് എന്നിവയിലും ഇടിച്ച ശേഷം വീടിൻ്റെ മതിലും ഗേറ്റും തകർത്ത് മുറ്റത്താണ് നിന്നത്. 

അപകടത്തിൽ ബസ്സിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. അപകടത്തിൻ്റെ സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നു തന്നെ അമിത വേഗത വ്യക്തമാണ്.

അപകടം നടന്ന ഉടനെ ഡ്രൈവർ ഓടി രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവരെ മലങ്കര, ദയ റോയൽ തുടങ്ങിയ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം