മഴക്കലിയിൽ മലപ്പുറത്തും കോട്ടയത്തും മൂന്ന് കുട്ടികൾക്ക് ജീവഹാനി

സംസ്ഥാനത്ത് വ്യാപകമായി മഴക്കലി തുടരുന്നതിനിടയിൽ മലപ്പുറത്ത് രണ്ടു കുരുന്നുകൾക്കും കോട്ടയത്ത് പതിനൊന്നുകാരനും ജീവഹാനി.

മലപ്പുറം കൊണ്ടോട്ടി നീറാട് കൂനയിൽ ഭാഗത്ത് നാലു വയസ്സുകാരൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൊണ്ടോട്ടി മേലേപറമ്പ് മങ്ങാട്ടുപറമ്പ് അബ്ദുൽ ഹമീദിന്റെയും നദീറയുടെയും മകൻ ആദം ഐമൻ ആണ് മരിച്ചത്. 

മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പ് വലിയതോതിൽ ഉയർന്നിരുന്നു. ഇന്നു രാവിലെ 10 മണിയോടെയാണ് കുട്ടിയുടെ ശരീരം തോട്ടിൽ കണ്ടത്. കാൽവഴുതി വീണതാകാമെന്നാണ് നിഗമനം.  നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതുവല്ലൂർ സ്കൂളിൽ എൽ.കെ.ജി വിദ്യാർഥിയാണ്.

വണ്ടൂരിൽ തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരനാണ് മരിച്ചത്. ആലപ്പുഴ സ്വദേശി അബ്ദു‌ൾ മുനീറിൻ്റെ മകൻ അബ്‌ദുൾ മുഹയിൻ ആണ് മരിച്ചത്. വണ്ടൂർ എറിയാട് കണ്ടമംഗലത്താണ് സംഭവം. എറിയാട് കണ്ടമംഗലത്തെ മാതാവ് നൊട്ടൻ വീട്ടിൽ തസ്ലിമബാനുവിൻ്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു കുടുംബം. തോടിന് സമീപം കളിച്ചുകൊണ്ടിരിക്കെ കുട്ടി കാൽതെറ്റി തോട്ടിലേയ്ക്ക് വീണതായിരിക്കാമെന്നാണ് നിഗമനം. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം.

കുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബവും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്റർ താഴെയുള്ള കോട്ടോല തോട്ടിൽ വെച്ച് കണ്ടെത്തിയത്. തുടർന്ന് തിരുവാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് പെയ്‌ത കനത്ത മഴയെ തുടർന്ന് തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

കോട്ടയം വാകത്താനം ചക്കന്‍ചിറയില്‍ വെള്ളക്കെട്ടില്‍ വീണ് 11 വയസ്സുകാരനാണ് മരിച്ചത്. കാട്ടാമ്പാക്കില്‍ ഷിജുവിന്റെ മകന്‍ മിലന്‍ കെ.ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജല്‍ജീവന്‍ മിഷന്റെ വാട്ടര്‍ ടാങ്കിന് വേണ്ടി എടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. സഹോദരിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെ മിലന്‍ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനത്ത് മഴക്കലിയിൽ ഇതിനകം എട്ട് പേരുടെ പ്രാണൻ നഷ്‌ടമായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം