കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ദുരൂഹത; ആത്മഹത്യയെന്ന് നിഗമനം

കോഴിക്കോട് ചേവായൂർ മഠത്തിൽ മുക്കിലാണ് ഇന്ന് പുലർച്ചെ കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചത്. വാഹന- വസ്തു ഇടപാടുകാരൻ ചേവായൂർ മേലേ നടുക്കണ്ടി സൗപർണികയിൽ  സി.പി സുധാകരൻ (65) ആണ് മരിച്ചത്. 

ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകവെ വീടിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. നാട്ടുകാർ ഓടിയെത്തുമ്പോഴേക്ക് കാർ പൂർണമായും അഗ്‌നിക്കിരയായിരുന്നു. തുടർന്ന് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ്  തീ പൂർണമായും അണച്ചത്. എന്നാൽ അപ്പോഴേക്കും സുധാകരൻ മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 

അതേ സമയം കാർ കത്തി വാഹന– വസ്തു ഇടപാടുകാരൻ മരിച്ച സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. പുലർച്ചെ നാലിനും നാലരയ്ക്കും ഇടയിലാണ് ഇറക്കം ഇറങ്ങിവന്ന കാർ മതിലിൽ ഇടിച്ചു കത്തിയത്. എന്നാൽ കാർ തീപിടിച്ച സ്ഥലത്തിനു സമീപത്ത് അഞ്ച് ലിറ്റർ ഇന്ധനം ഉൾക്കൊള്ളാനാകുന്ന പെട്രോൾ കന്നാസ് ലഭിച്ചതാണ് ദുരൂഹത വർധിപ്പിക്കുന്നത്. 

ഇതിനിടെ തീപിടിത്തത്തിനു മുൻപ് കാർ കുറഞ്ഞ വേഗത്തിലാണ് സഞ്ചരിച്ചതെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യവും പുറത്തുവന്നു. തീപിടിത്തം ഉണ്ടായ സ്ഥലത്തിനു തൊട്ടടുത്തുള്ള സ്ഥാപനത്തിലെ  സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

പ്രിന്റ് വിദ്ഗധരും ഡോഗ് സ്ക്വാഡും മെഡിക്കൽ കോളജ് പൊലീസുമായി ചേർന്നാണ് അന്വേഷണ വിവരങ്ങൾ ഏകോപിപ്പിക്കുന്നത്. സിറ്റി പൊലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലിയും സ്ഥലം സന്ദർശിച്ച് അന്വേഷണ വിവരങ്ങൾ വിലയിരുത്തി. കൊയിലാണ്ടിയിൽ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ടു പോകുന്നുവെന്നാണു സുധാകരൻ വീട്ടിൽ അറിയിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ ബന്ധുക്കൾ പൊലീസിനു മൊഴി നൽകിയത്. 

വീട്ടിൽ നിന്നിറങ്ങി പോയതിനു പിന്നാലെയാണ് കാർ കത്തിയത്. ആത്മഹത്യയാവാം എന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹ അവശിഷ്ടങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ഫൊറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം