ഇന്ന് (ബുധനാഴ്ച) പകൽ മൂന്നുമണിയോടെ മലപ്പുറം വണ്ടൂരിലാണ് ദാരുണ സംഭവം. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഉച്ച ഭക്ഷണത്തിനുള്ള കറിയുടെ പേരിൽ ഉണ്ടായ വാക്കു തർക്കമാണ് കൊലയിൽ കലാശിച്ചത്. ഫസീലയെ റഷീദ് കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്.
ജോലിക്ക് പോയ റഷീദ് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ഫസീല കറി ഉണ്ടാക്കിയിരുന്നില്ല. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് രോഷാകുലനായ റഷീദ് ഫസീലയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസീലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മദ്യപിച്ചെത്തുന്ന റഷീദ് വീട്ടിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കുക പതിവാണെന്ന് നാട്ടുകാർ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
