ജനപ്രതിനിധികളും സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ പട്ടാമ്പി റെയിൽവേ സ്റ്റേഷൻ്റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടു.
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നടന്ന ചർച്ചയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ, നഗരസഭ പ്രതിനിധികൾ, വ്യാപാരികൾ, റെയിൽവേ പാസഞ്ചർ പ്രതിനിധികൾ, സീനിയർ സിറ്റിസൺസ്, വിദ്യാർത്ഥികൾ, വിവിധ സാമൂഹിക– ജനകീയ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള നിരവധി ആളുകളുടെ സാന്നിധ്യത്തിലാണ് ജനങ്ങളുടെ പൊതുവായ ആവശ്യങ്ങളും നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്ക് മുന്നിൽ സമർപ്പിച്ചത്.
അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ ജോൺ ക്ലമെന്റ്, ട്രാൻസ്പോർട്ടേഷൻ ഇൻസ്പെക്ടർ ഇ.കെ. ബാബു, സീനിയർ സെക്ഷൻ എഞ്ചിനീയർ ജെയിംസ്, സ്റ്റേഷൻ മാനേജർ പോൾ തുലുവത്ത്, കമേഴ്സ്യൽ സൂപ്രണ്ട് ഗോകുൽ ദാസ് എന്നിവരടങ്ങുന്ന റെയിൽവേ ഉദ്യോഗസ്ഥ സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്.
പ്രധാനമായും റെയിൽവേയ്ക്ക് മുന്നിൽ സമർപ്പിച്ച ആവശ്യങ്ങൾ ഇവയാണ്:
പ്രവേശന കവാടം പുനഃക്രമീകരിക്കൽ: യാത്രക്കാരുടെ സൗകര്യാർത്ഥം സ്റ്റേഷന്റെ നിലവിലെ പ്രവേശന കവാടം ബസ് സ്റ്റാൻഡുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രീതിയിൽ പ്ലാറ്റ്ഫോമിന്റെ മധ്യഭാഗത്തേക്ക് മാറ്റുക.
വിശ്രമമുറികൾ: യാത്രക്കാർക്കായി ആധുനിക എ.സി. വിശ്രമമുറിയും സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായുള്ള വിശ്രമമുറികളും സജ്ജീകരിക്കുക.
രണ്ടാം പ്രവേശന കവാടം: രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് താലൂക്ക് ആശുപത്രി ഭാഗത്തേക്ക് പുതിയ എൻട്രൻസും ടിക്കറ്റ് കൗണ്ടറും പാർക്കിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തുക.
നിലവിലെ പാർക്കിംഗ് വിപുലീകരണം: റെയിൽവേ സ്റ്റേഷനിലെ നിലവിലുള്ള പാർക്കിംഗ് ഏരിയ കൂടുതൽ സൗകര്യങ്ങളോടെ നവീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുക.
സ്റ്റേഷൻ ശുചിത്വം: റെയിൽവേ സ്റ്റേഷനും പരിസരവും പ്ലാറ്റ്ഫോമുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള സ്ഥിരം ക്രമീകരണങ്ങൾ ഉറപ്പുവരുത്തുക.
പൂർണ്ണ പ്ലാറ്റ്ഫോം റൂഫിങ്: വെയിലും മഴയും ഏൽക്കാതെ യാത്രക്കാർക്ക് സുരക്ഷിതമായി നിൽക്കാൻ പ്ലാറ്റ്ഫോമുകളിൽ പൂർണ്ണമായും അടിയന്തരമായി റൂഫ് ഷീറ്റുകൾ സ്ഥാപിക്കുക.
പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ്: കണ്ണൂർ - യശ്വന്ത്പൂർ, വെസ്റ്റ് കോസ്റ്റ്, മാവേലി തുടങ്ങിയ പ്രധാന എക്സ്പ്രസ്സ് ട്രെയിനുകൾക്ക് പട്ടാമ്പിയിൽ സ്റ്റോപ്പ് അനുവദിക്കുക.
പട്ടാമ്പി പുതിയ പാലവും റെയിൽവേ കമാനവും: പട്ടാമ്പിയിലെ പുതിയ പാലം യാഥാർത്ഥ്യമാകുമ്പോൾ നിലവിലെ റെയിൽവേ കമാനം വീതി കൂട്ടേണ്ടി വരുമെന്നതിനാൽ അതിനായുള്ള മുൻകൂർ നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് സ്വീകരിക്കുക.
അണ്ടർപാസുകളുടെ നിർമ്മാണം: പട്ടാമ്പിയിൽ നിന്ന് പള്ളിപ്പുറം ഭാഗത്തേക്ക് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനായി കൂടുതൽ അണ്ടർ പാസുകൾ നിർമ്മിക്കുക.
കാരക്കാട് അണ്ടർ പാസ് വീതി കൂട്ടൽ: കാരക്കാട് പള്ളിയുടെ ഭാഗത്തുള്ള നിലവിലെ റെയിൽവേ അണ്ടർപാസിന്റെ വീതി കൂട്ടി ശാശ്വത പരിഹാരം കാണുക.
വല്ലപ്പുഴ പാരലൽ ഗേറ്റ്: വല്ലപ്പുഴ റെയിൽവേ മേൽപ്പാലത്തിന്റെ (ROB) നിർമ്മാണവുമായി ബന്ധപ്പെട്ട് ലെവൽ ക്രോസ് അടച്ചിടുമ്പോഴുണ്ടാകുന്ന യാത്രാക്ലേശം ഒഴിവാക്കാൻ താൽക്കാലികമായി സമാന്തര ഗേറ്റ് (Parallel Gate) നിർമ്മിക്കുക.
റെയിൽവേ സാങ്കേതികാനുമതി നൽകുകയാണെങ്കിൽ വികസന പദ്ധതികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് വിഹിതം നൽകാൻ തയ്യാറാണെന്ന കാര്യവും യോഗത്തിൽ അറിയിച്ചു.
പൊതുവെ റെയിൽവേ അധികൃതർ ജനങ്ങളുടെ ശബ്ദം കേൾക്കാൻ വിമുഖത കാണിക്കാറുണ്ടെന്ന പരാതി നിലനിൽക്കുമ്പോഴും, ഈ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യാനും വളരെ പോസിറ്റീവായി പ്രതികരിക്കാനും തയ്യാറായ റെയിൽവേ ഡിവിഷനിലെ ഉദ്യോഗസ്ഥരെ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അഭിനന്ദിച്ചു.
മുൻപ് നടന്ന ഡിവിഷൻ വിഭജനത്തെ തുടർന്ന് പാലക്കാട് ഡിവിഷന് വരുമാനത്തിൽ കുറവുണ്ടായ സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും, ഉന്നയിച്ച ആവശ്യങ്ങൾക്ക് മുൻഗണന നിശ്ചയിച്ച് പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കാമെന്ന് റെയിൽവേ അധികൃതർ ഉറപ്പു നൽകി.
പട്ടാമ്പിയുടെ റെയിൽവേ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതികൾ സമയബന്ധിതമായി യാഥാർത്ഥ്യമാക്കാൻ നിരന്തരമായ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ അറിയിച്ചു.

