കൊല്ലം ഓച്ചിറയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം. ഓച്ചിറ വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്ന് (വ്യാഴാഴ്ച) രാവിലെയാണ് അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസും എതിർദിശയിൽ നിന്ന് വരികയായിരുന്ന എസ്.യു.വിയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ എസ്.യു.വി വാഹനം പൂർണമായും തകർന്നു.
എസ്.യു.വി യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിൻകര പ്രിൻസ് വില്ലയിൽ പ്രിൻസ് തോമസ് (44), മക്കളായ അൽക്ക (5), അതുൽ (14) എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദ്യ, മകൾ ഐശ്വര്യ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഐശ്വര്യയുടെ നില അതീവ ഗുരുതരമാണ്.
കെ.എസ്.ആർ.ടി.സി ബസ്സിലുണ്ടായിരുന്ന 20 പേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഓച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ച അതുൽ ഒമ്പതാം ക്ലാസിലും അൽക്ക എൽ.കെ.ജി വിദ്യാർഥിയുമാണ്. പരിക്കേറ്റ ഐശ്വര്യ പ്ലസ്ടു വിദ്യാർഥിയാണ്.
