ചാലിശ്ശേരിയിൽ കുടുംബശ്രീ ദേശീയ സരസ് മേള ആരംഭിച്ച് ഒമ്പതു ദിവസം കൊണ്ട് 1.60 കോടി രൂപയുടെ വിറ്റുവരവ് നേടി സംരംഭകർ. ഇവരുടെ കുതിപ്പിനൊപ്പം കൈയ്യടി നേടുകയാണ് കുടുംബശ്രീയുടെ തന്നെ യുവശ്രീ സംരംഭമായ ഐഫ്രം-അഥവാ അദേഭ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് റിസർച്ച് ആൻഡ് മാനേജ്മെന്റ് അഥവാ ഐഫ്രം. മേളയ്ക്ക് കൊടിയേറിയ ദിനം മുതൽ രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത ഈ ടീമിന്റെ ചുമലേറിയാണ് സംരംഭകരുടെ വിജയമത്രയും. ഒപ്പം കുടുംബശ്രീ സംസ്ഥാന ജില്ലാമിഷന്റെ പിന്തുണയും.
തൃശൂർ സ്വദേശിയായ അജയകുമാറാണ് ഐഫ്രത്തിന്റെ മുഖ്യ അമരക്കാരൻ. ഐഫ്രം ചുമതല വഹിക്കുന്ന പന്ത്രണ്ടാമത് സരസ് മേളയാണിത്. ഓരോ ജില്ലയുടെയും പ്രത്യേകമായ രുചിഭേദങ്ങൾ തിരഞ്ഞെടുത്ത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നിനുളള വിദഗ്ധ പരിശീലനം സംരംഭകർക്ക് മുൻകൂട്ടി നൽകും.
മെനു, പ്ലാനിങ്ങ്, വില നിശ്ചയിക്കൽ, ഭക്ഷ്യമേളയുടെ സംഘാടന രീതി, പ്രവർത്തനം, ഓരോ ദിവസത്തെയും തിരക്കനുസരിച്ച് പാചകം ക്രമീകരിക്കൽ എന്നിവയെ കുറിച്ചെല്ലാം സംരംഭകർക്ക് പരിശീലനം നൽകിയ ശേഷമാണ് മേളയ്ക്കെത്തിക്കുക. സംരംഭകർക്ക് ഫുഡ് കോർട്ടിലേക്കാവശ്യമായ പർച്ചേസിനും ഐഫ്രം പിന്തുണ നൽകും. സംരംഭകരുടെ സഹായത്തിന് വിദഗ്ധ പരിശീലകരുടെ സംഘവും ഐഫ്രത്തിനൊപ്പമുണ്ട്.
മേള തുടങ്ങും മുമ്പ് ഫുഡ്കോർട്ടിന്റെ രൂപകൽപന, ഇലക്ട്രിക്കൽ പ്ലംബിങ്ങ്, പ്ളാൻ, സ്റ്റാളിന്റെ ലേ ഔട്ട് എന്നിവ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ഇവർ മുഖേനയാണ് നിർവഹിക്കുക. ഓരോ യൂണിറ്റിന്റെയും മെനു അനുസരിച്ച് അടുക്കള, പാചക സൗകര്യം എന്നിവ ക്രമീകരിക്കുന്നതിനു വേണ്ട ശാസ്ത്രീയ രൂപകൽപന, ഡിസൈനിങ്ങ് എന്നിവ ഭക്ഷ്യമേള തുടങ്ങുന്നതിനു മുമ്പായി നൽകും.
ട്രയിനിങ്ങ് കോ-ഓഡിനേറ്ററായ ദയൻ, അക്കൗണ്ടന്റ് രതി, എക്സിക്യൂട്ടീവ് ഷെഫ് ബിജു കുമാർ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് ചുമതല വഹിക്കുന്ന സജിത് വി.ശശിധരൻ, റിജേഷ്, സജിത്ത് എന്നിവരാണ് ഫുഡ്കോർട്ടിന്റെ പിന്നിൽ. ഇവർക്കൊപ്പം ശുചീകരണത്തിനും സപ്പോർട്ടിങ്ങ് സ്റ്റാഫ് ഇനത്തിലുമായി പ്രവർത്തിച്ചവർ ഉൾപ്പെടെ മുന്നൂറോളം പേർ ഇക്കുറിയും ഫുഡ്കോർട്ടിൽ പങ്കെടുത്തു.
ഓരോ ദിനവും പതിനായിരക്കണക്കിന് ആളുകൾ ഫുഡ് കോർട്ടിലെത്തിയിട്ടും ഹരിതചട്ടം പാലിച്ചു കൊണ്ട് ശുചിത്വ പൂർണമായി പരാതികളില്ലാതെ ഫുഡ് കോർട്ട് നടത്താൻ കഴിഞ്ഞതിനു പിന്നിലും ഇവരുടെ അധ്വാനമുണ്ട്. ഭക്ഷണപ്രേമികൾക്ക് തിരുവിതാംകൂർ കൊച്ചി മലബാർ രുചികൾക്കൊപ്പം ഇതര സംസ്ഥാനങ്ങളുടെ രുചി കൂടി വിളമ്പിയാണ് ചാലിശ്ശേരിയുടെ മനം കവർന്നത്.
ഫുഡ് കോർട്ടിന്റെ സുഗമമായ നടത്തിപ്പിന് ജില്ലാമിഷന്റെ നേതൃത്വത്തിൽ നൂറിലേറെ കുടുംബശ്രീ അംഗങ്ങളെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം ലഭ്യമാക്കിയിരുന്നു. കൂടാതെ ഫയർ ആൻഡ് സേഫ്റ്റി. ഫുഡ് സേഫ്റ്റി എന്നിവയിലും സംരംഭകർക്ക് പരിശീലനം നൽകിയിരുന്നു.
