ചാലിശ്ശേരിയിൽ പുഞ്ചിരി തൂകി മഞ്ജു; ആവേശം വാനോളം ഉയർത്തിയ സരസ് മേള സമാപിച്ചു.

തൃത്താലയുടെ മണ്ണിൽ പത്തുദിവസമായി പെയ്തിറങ്ങിയ വിപണനപ്പൂരത്തിന് പ്രിയനായികയുടെ സാന്നിധ്യത്തിൽ സമാപനം. ദേശീയ സരസ് മേളയുടെ സമാപന സമ്മേളനത്തിന് മുഖ്യാതിഥിയായി മഞ്ജു വാര്യർ എത്തിയതോടെ ചാലിശ്ശേരി അക്ഷരാർത്ഥത്തിൽ ജനസാഗരമായി മാറി. പിങ്ക് ചുരിദാറണിഞ്ഞ് പുഞ്ചിരിയോടെ മഞ്ജു വേദിയിലേക്ക് നടന്നുകയറിയപ്പോൾ ആർപ്പുവിളികളോടെയും കൈയടികളോടെയുമാണ് തൃത്താല‌ ആ പ്രിയതാരത്തെ സ്വീകരിച്ചത്.

തൃത്താലയുടെ ഗ്രാമീണ സൗന്ദര്യത്തെ പ്രകീർത്തിച്ചായിരുന്നു മഞ്ജുവിന്റെ പ്രസംഗം. "കുടുംബശ്രീ എന്നത് വെറുമൊരു പേരല്ല, അത് കേരളത്തിലെ എത്രയോ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ച വലിയൊരു പ്രസ്ഥാനമാണ്. തളർന്നിരിക്കുന്നവർക്ക് പുതുവെളിച്ചം നൽകാൻ കുടുംബശ്രീക്ക് കഴിയുന്നു," മഞ്ജു പറഞ്ഞു. എല്ലാവർക്കും ആരോഗ്യവും സന്തോഷവും മനഃസമാധാനവും നേർന്നുകൊണ്ടാണ് താരം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.

പ്രിയ നായികയെ നേരിൽ കാണാൻ ഉച്ചയ്ക്ക് മുൻപേ തന്നെ ആരാധകർ ഇരിപ്പിടങ്ങൾ ഉറപ്പിച്ചിരുന്നു. മഞ്ജു എത്തിയതോടെ പലരും ഇരിപ്പിടങ്ങളിൽ നിന്ന് എഴുന്നേറ്റ് ആവേശം പങ്കുവെച്ചു. ഫുഡ് കോർട്ടിലെ ഇതര സംസ്ഥാന സംരംഭകർക്ക് മഞ്ജു സ്നേഹോപഹാരങ്ങൾ കൈമാറി. കക്കൂർ കുടുംബശ്രീ യൂണിറ്റിന്റെ 'ഇല്യൂസ് ഹോം മെയ്ഡ് അച്ചാർ' അംഗങ്ങൾ മഞ്ജുവിന് സമ്മാനമായി നൽകിയതും ചടങ്ങിലെ കൗതുകമായി.

കുടുംബശ്രീയുടെയും ഗ്രാമീണ സംരംഭകരുടെയും ഉൽപ്പന്നങ്ങൾക്ക് വലിയ വിപണിയൊരുക്കിയ സരസ് മേള, മഞ്ജു വാര്യർ പകർന്നു നൽകിയ ഉന്മേഷത്തോടെയാണ് സമാപിച്ചത്.

ഇന്ത്യൻ ഗ്രാമീണ സംരംഭങ്ങളുടെ തനിമയും സംസ്കാരവും നൃത്ത സംഗീത വാദ്യങ്ങളും  സമന്വയിച്ച പതിമൂന്നാമത് കുടുംബശ്രീ ദേശീയ സരസ് മേള കാണാൻ രണ്ടര ലക്ഷത്തിലേറെ പേരാണ് സന്ദർശിച്ചത്. സരസ് മേള ജനകീയ സരസ് മേളയെന്ന ഖ്യാതിയും നേടിയാണ് പരിസമാപ്തി കുറിച്ചത്. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 


അടുക്കളയിൽ നിന്നും സ്ത്രീകളെ അരങ്ങത്തേക്കെത്തിച്ചുകൊണ്ട് നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് മന്ത്രി 

എം.ബി രാജേഷ് സരസ് മേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു. പൊതു സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യത വർധിപ്പിച്ചത് കുടുംബശ്രീയുടെ പ്രവർത്തനങ്ങളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാപനാർത്ഥികളിൽ 17000ലധികം പേർ കുടുംബശ്രീ വനിതകളാണ്. ഇതിൽ 7210 പേർ വിജയിക്കുകയും ത്രിതല പഞ്ചായത്തുകളുടെ അധികാര സ്ഥാനത്തെത്തുകയും ചെയതു. ഇങ്ങനെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായി സ്ത്രീകളെ ശാക്തീകരിച്ചു കൊണ്ട് കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ വിധിവാക്യങ്ങൾ തിരുത്തിക്കുറിക്കാൻ കുടുംബശ്രീക്കായി. സംസ്ഥാനത്ത് സ്ത്രീജീവിതത്തിന്റെ മുന്നേറ്റം കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് വേർതിരിച്ചു പറയാനാകും. മുണ്ടക്കൈ ചൂരൽമല ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവുമധികം തുക സംഭാവന ചെയ്തത് കുടുംബശ്രീ വനിതകളാണ്. ഇരുപത് കോടി രൂപയാണ് അയൽക്കൂട്ട അംഗങ്ങൾ സംഭാവന ചെയ്തതെന്ന് മന്ത്രി പറഞ്ഞു.

 തൃത്താലയുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതായിരുന്നു സരസ് മേള. ബഹുസ്വരത എന്ന വികാരത്തെ പ്രാവർത്തികമാക്കിയ മേള കൂടിയായിരുന്നു ഇത്.  

ഫുഡ് കോർട്ടിൽ ഒമ്പത് ദിവസം കൊണ്ട് 1.60 കോടി രൂപയും ഉൽപന്ന വിപണന സ്റ്റാളിൽ നിന്നും എട്ടു കോടി രൂപയും ഉൾപ്പെടെ ആകെ 9.60 കോടി രൂപയുടെ വിറ്റുവരവ് നേടാൻ സംരംഭകർക്ക് കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

നിലപാടുള്ള ധീരയായ വനിതയെന്ന നിലയ്ക്കാണ് മഞ്ജുവാര്യരെ മുഖ്യാതിഥിയായി സരസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നും എല്ലാ കാലത്തും കുടുംബശ്രീയുടെ അഭ്യുദയകാംക്ഷിയെന്ന നിലയ്ക്ക് മഞ്ജുവിന് ഈ പ്രസ്ഥാനത്തിനോട് വൈകാരികമായ അടുപ്പമുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു. 

തന്റെ ജീവിതത്തിൽ വലിയൊരു മാതൃകയാണ് കുടുംബശ്രീയെന്നും ഇത്രയേറെ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ മാറ്റിയെടുത്ത പ്രസ്ഥാനമാണിതെന്നും ചടങ്ങിൽ മുഖ്യാതിഥിയായ മഞ്ജു വാര്യർ പറഞ്ഞു.   കപ്പൂർ കുടുംബശ്രീ സി.ഡി.എസ് സംരംഭമായ ഇല്യൂസ് പിക്കിൾസിന്റെ പ്രത്യേക ഉപഹാരം യൂണിറ്റ് അംഗങ്ങൾ മഞ്ജു വാര്യർക്ക് സമ്മാനിച്ചു. ഫുഡ് കോർട്ടിൽ പങ്കെടുത്ത കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരെയും വേദിയിൽ ആദരിച്ചു.

ഫുഡ് സ്റ്റാൾ വിഭാഗത്തിൽ കേരളത്തിൽ നിന്നും ഏറ്റവും മികച്ച സ്റ്റാളിനുളള പുരസ്കാരം കോട്ടയം ജില്ലയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച സ്റ്റാളിനുള്ള പുരസ്കാരം സിക്കിമും  കരസ്ഥമാക്കി. ട്രാൻസ് ജെൻഡർ വിഭാഗത്തിൽ മികച്ച സ്റ്റാൾ എറണാകുളം ജില്ലയിൽ നിന്നുള്ള ലക്ഷ്യ ഗ്രൂപ്പിനാണ്. തദ്ദേശീയ മേഖലയിൽ നിന്നുളള മികച്ച സ്റ്റാൾ അട്ടപ്പാടിയിലെ വനസുന്ദരി സ്റ്റാളും നേടി. മികച്ച നൂതന സംരംഭത്തിനുളള അവാർഡ് തൃത്താല പ്രഥമനും ലഭിച്ചു.

ഉൽപന്ന പ്രദർശന വിപണന വിഭാഗത്തിൽ മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം  ഗോവയും രണ്ടാം സ്ഥാനം പശ്ചിമബംഗാളും മൂന്നാം സ്ഥാനം ഗുജറാത്തും കരസ്ഥമാക്കി. കേരളത്തിൽ നിന്നും പങ്കെടുത്തതിൽ ഏറ്റവും മികച്ച സ്റ്റാളിനുള്ള ഒന്നാം സ്ഥാനം വയനാട് ജില്ലയിൽ നിന്നുള്ള ഇല്ലിക്കൽ എന്റർപ്രൈസസ് എന്ന സംരംഭത്തിനാണ്. സിബിതയാണ് സംരംഭക. രണ്ടാം സ്ഥാനം എറണാകുളം ജില്ലയിലെ ഭാവന ഗ്രൂപ്പിനും മൂന്നാം സ്ഥാനം കോഴിക്കോട് ജില്ലയിലെ പവിത്രം ഗ്രൂപ്പിനുമാണ്.

ഉൽപന്ന പ്രദർശന വിപണന സ്റ്റാളിൽ പങ്കെടുത്തതിൽ പാലക്കാട് ജില്ലയിലെ നാഗലശ്ശേരി പഞ്ചായത്തിലെ നസറിയയുടെ ഗ്രാൻഡ് ഫ്ലോർ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. വണ്ടാഴി കുടുംബശ്രീ സി.ഡി.എസിലെ  നിവേദ്യ പിക്കിൾസിന്  രണ്ടാം സ്ഥാനവും  വെളളിനേഴിയിലെ പ്രത്യേക അയൽക്കൂട്ടം തേജസ് കുടുംബശ്രീ യൂണിറ്റ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.  

പി.മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എം.എസ് മാധവിക്കുട്ടി, എം.എൽ.എമാരായ പി.പി സുമോദ്, കെ.ടി ജലീൽ, മുൻ എം.എൽ.എമാരായ എ.കെ ചന്ദ്രൻ, ടി.പി കുഞ്ഞുണ്ണി,  തൃത്താല ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി എന്നിവർ ആശംസിച്ചു. തൃത്താല സി.ഡി.എസ് അധ്യക്ഷ ലത സൽഗുണൻ നന്ദി പറഞ്ഞു.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം