ഡിസംബർ, ജനുവരി മാസങ്ങളിൽ തണുത്തു വിറച്ച് തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് ആശ്വാസമായി ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂതയും സംഘവും.
വിവിധ ജില്ലകളിലായി ഏകദേശം 600 ഓളം പുതപ്പുകൾ ഇവർ വിതരണം ചെയ്തു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലായിരുന്നു ഈ സേവനം. ഇത് അശരണർക്ക് വലിയ ആശ്വാസമായി.
രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലുമായി തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന നിരാലംബരായ മനുഷ്യരിലേക്കാണ് നാസർ തൂതയും സംഘവും നേരിട്ടെത്തി പുതപ്പുകൾ പുതപ്പിച്ചു നൽകിയത്. സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായ സഹകരണത്തോടെയാണ് ഈ സ്തുത്യർഹമായ പ്രവർത്തനം ഇവർ നടപ്പാക്കിയത്.
അതുപോലെ നാസർ തൂത ഡ്രസ് ബാങ്ക് വിജയകരമായി ആറ് വർഷം പൂർത്തിയാക്കി. ഇതിനകം 1200 ഓളം നിർധന സഹോദരിമാരുടെ വിവാഹങ്ങൾക്ക്, ജാതി, മത ഭേദമന്യേ, കേരളത്തിനകത്തും പുറത്തുമായി സൗജന്യമായി വിവാഹ വസ്ത്രങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
ആരോരുമില്ലാതെ തെരുവുകളിൽ അലയുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കി, വസ്ത്രം അണിയിച്ചും ഇഷ്ടമുള്ള ഭക്ഷണം നൽകിയും പോലീസിന്റെ സഹായത്തോടെ നൂറോളം പേരെ അഗതി മന്ദിരങ്ങളിലേക്ക് എത്തിക്കാനും ഈ സംഘത്തിന് സാധിച്ചിരുന്നു.
പുതപ്പ് വിതരണത്തിൽ നാസർ തൂതയ്‌ക്കൊപ്പം പി.കെ മുജീബ്, ബാബു, സുനി, ഷെഫീഖ്, മുഹമ്മദാലി, ഷമീർ (കണ്ണൂർ) എന്നിവർ സഹായികളായി പങ്കെടുത്തു.
റിപ്പോർട്ട്: ഷൗക്കത്ത് അലി ഒ.കെ, ചെര്‍പ്പുളശ്ശേരി.
Summary:
Nassar Thoota and his team went directly to the destitute people lying in the cold and shivering at night near railway stations, bus stands, and on the streets and distributed blankets. They carried out this commendable work with the help and cooperation of friends and well-wishers.
