പാലക്കാട് ജില്ലയിൽ പോളിങ്ങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി; ബൂത്തുകൾ സജ്ജമാക്കി ഉദ്യോഗസ്ഥർ

പാലക്കാട് ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും മറ്റു പോളിംഗ്  സാമഗ്രികളും ഏറ്റുവാങ്ങി ഉദ്യോഗസ്ഥര്‍  ബൂത്തുകളിലെത്തി. സാമഗ്രികളുടെ വിതരണം ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി നടന്നു. ഗവ.വിക്ടോറിയ കോളേജില്‍ നടന്ന പോളിങ് സാമഗ്രികളുടെ വിതരണം ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി സന്ദര്‍ശിച്ച് വിലയിരുത്തി.  

തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം പത്തിരിപ്പാല മൗണ്ട് സീന പബ്ലിക് സ്‌കൂളിലും, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് മണ്ഡലങ്ങളിലെ സാമഗ്രികളുടെ വിതരണം അകത്തേത്തറ എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളേജിലും, തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളിലേക്കുള്ള സാമഗ്രികളുടെ വിതരണം പാലക്കാട് ഗവ.വിക്ടോറിയ കോളേജിലുമാണ് നടന്നത്.

വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിംഗ്. രാവിലെ 5.30ന് മോക്ക് പോള്‍ ആരംഭിക്കും. അന്തിമ വോട്ടര്‍ പട്ടിക പ്രകാരം (മാര്‍ച്ച് 23) ജില്ലയില്‍ ആകെ 22,68,721 വോട്ടര്‍മാരാണ് ഉളളത്. 11,12,616 പുരുഷന്മാരും 11,56,085 സ്ത്രീകളും 20 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും സുരക്ഷക്കുമായി 6000ലധികം പൊലീസ് ഉദ്യേഗസ്ഥരെ വിന്യസിച്ചു. 11 ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍, 35 ഇന്‍സ്പെക്ടര്‍മാര്‍,   340 സബ് ഇന്‍സ്പെക്ടര്‍മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരടങ്ങുന്ന 4200 ഓളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ 1080 പേര്‍ അടങ്ങുന്ന 15 കമ്പനി കേന്ദ്ര സേനയും ഉള്‍പ്പെടും. ഇതിനുപുറമെ 2000 ത്തോളം സ്പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രശ്ന ബാധിത ബൂത്തുകളില്‍ വീഡിയോ ചിത്രീകരണത്തിനായി 130 ക്യാമറകളും ഓരോ ബൂത്തിലും നാല് മുതല്‍ എട്ട് വരെ അധിക കേന്ദ്ര സേന പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും. 

പ്രത്യേക ശ്രദ്ധ ആവശ്യമുള്ള മേഖലകളില്‍ വേണ്ട പൊലീസ് ഉദ്യോഗസ്ഥരെ അധികമായും നിയോഗിക്കും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന അഗളി, അട്ടപ്പാടി മേഖലകളില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 306 കേന്ദ്രസേന ഉദ്യോഗസ്ഥരുടെ സേവനവും വിനിയോഗിക്കുമെന്ന് ജില്ലാ സെക്യൂരിട്ടി പ്ലാന്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി 965 വാഹനങ്ങള്‍ സജ്ജമാക്കി. 248 മോട്ടോര്‍ ക്യാബുകളും 113 കാറുകളും 358 ട്രാവലറുകളും 246 ബസ്സുകളും ആണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ വിവിധ നിയമസഭാ മണ്ഡലങ്ങളിലെ സ്വീകരണ- വിതരണ കേന്ദ്രങ്ങളില്‍ എത്തി വോട്ടിങ്ങ് മെഷീനുകള്‍ കമ്മീഷനിങ്ങ് ചെയ്യുന്നതിനും തിരഞ്ഞെടുപ്പ് ദിവസങ്ങളില്‍ വിവിധ പോളിങ്ങ് ബൂത്തുകളിലേക്ക് ബി.ഇ.എല്‍ എന്‍ജിനീയര്‍മാര്‍ക്ക് എത്തിച്ചേരുന്നതിനും ചട്ടലംഘനം നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകള്‍ക്കുമായി 102 വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം