യു.ഡി.എഫ് ഭരിക്കുന്ന തച്ചമ്പാറ ഗ്രാമപഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേടിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. തച്ചമ്പാറ ചൂരിയോട് വിദ്യ (38), ഭർത്താവ് ചൂരിയോട് രാമകൃഷ്ണൻ (50), ചൂരിയോട് സുശീല എന്നിവരാണ് കല്ലടിക്കോട് പൊലീസിൻ്റെ പിടിയിലായത്.
2025 ഏപ്രിൽ 16 മുതൽ 2026 മാർച്ച് 28 വരെയുള്ള കാലയളവിലാണ് ക്രമക്കേട് നടന്നത്. പ്രൊജക്റ്റ് അസിസ്റ്റൻറായി ജോലി ചെയ്തിരുന്ന വിദ്യ കേന്ദ്ര ധനകാര്യ കമീഷൻ ഗ്രാൻറിൽ നിന്ന് ഇ.ഗ്രാമസ്വരാജ് പോർട്ടൽ വഴി 12,90,580 രൂപ തട്ടിയെടുത്തതായാണ് കേസ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്റ് എന്നിവരുടെ അനുമതിയില്ലാതെ യൂസർ നെയിം, പാസ് വേർഡ്, ഡിജിറ്റൽ ഒപ്പ് എന്നിവ ദുരുപയോഗം ചെയ്താണ് തിരിമറി നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
അക്കൗണ്ടിലേക്ക് ഭർത്താവിൻ്റെ പേരിൽ ഏഴ് തവണയും ബന്ധു സുശീലയുടെ പേരിൽ 10 തവണയും പണം അയച്ചാണ് പഞ്ചായത്തിന് നഷ്ടം വരുത്തിയത്. ഓഫീസ് അടച്ച സമയത്തും രാത്രി എട്ട് മണിക്കും പണമയച്ചതായി കണ്ടെത്തിയിരുന്നു. ജൂൺ 17ന് വാർഷിക കണക്കെടുപ്പിൽ പണമയച്ചതായി കണ്ടെങ്കിലും ബില്ലുകൾ കണ്ടെത്തിയിരുന്നില്ല.
പഞ്ചായത്ത് സെക്രട്ടറിയാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. 2025-26 സാമ്പത്തിക വർഷത്തെ പരിശോധനയിലാണ് കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാൻറ് വരുന്ന ബാങ്ക് അക്കൗണ്ടിൽ ക്രമക്കേട് കണ്ടെത്തിയത്. 14 വർഷമായി താൽകാലിക ജീവനക്കാരിയായി തുടരുന്ന വിദ്യയാണ് ഒന്നാം പ്രതി.
ഒരു വർഷത്തെ കേന്ദ്ര പദ്ധതിയുടെ ഫണ്ടാണ് തട്ടിയത്. ക്രമക്കേടിനെക്കുറിച്ച് ഭരണപക്ഷമായ യു.ഡി.എഫും പ്രതിപക്ഷമായ എൽ.ഡി.എഫും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
