ഷൊർണൂരിൽ ട്രെയിൻ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

കോട്ടയത്തുനിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കോട്ടയം- നിലമ്പൂർ എക്‌സ്പ്രസിലാണ്  കേസിനാസ്പദമായ സംഭവം നടന്നത്. മലപ്പുറം പട്ടിക്കാട് സ്വദേശിയായ 27കാരിക്ക് നേരെ ചെറുതുരുത്തിക്കും ഷൊർണൂരിനുമിടയിലാണ്  പീഡന ശ്രമം നടന്നത്. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പ്രതിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഭയന്നു പോകാതെ യുവതി ശക്തമായി പ്രതികരിച്ചതാണ് രക്ഷയായത്. 

മലപ്പുറം അങ്ങാടിപ്പുറം പുതുക്കുടിയിൽ മുഹമ്മദ് സഹറാണ് (34) പ്രതിയെന്ന് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലായത്. അങ്ങാടിപ്പുറത്ത് ട്രെയിൻ എത്തിയപ്പോൾ യുവാവ്  ഇറങ്ങി ഓടിയിരുന്നു. എന്നാൽ യുവതി തന്റെ മൊബൈൽ ഫോണിൽ പ്രതിയുടെ വ്യക്തമായ ചിത്രം പകർത്തിയിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്.

യാത്രയ്ക്ക് ശേഷം യുവതി റെയിൽവേ പൊലീസിന് ഇ-മെയിൽ വഴി പ്രതിയുടെ ചിത്രം സഹിതം പരാതി നൽകി. റെയിൽവേ പൊലീസ് ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ ചിത്രം പൊലീസ് 'ജനമൈത്രി' വാട്സാപ്പ് ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചു.

ഈ ചിത്രത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ നാട്ടുകാരിൽ നിന്നും പൊലീസിന് രഹസ്യവിവരം ലഭിച്ചു. പെരിന്തൽമണ്ണയിൽ വ്യാപാര സ്ഥാപനം നടത്തുന്നയാളാണ് മുഹമ്മദ് സഹർ. 

ചൊവ്വാഴ്ച രാവിലെ റെയിൽവേ പൊലീസ് സംഘം പെരിന്തൽമണ്ണയിലെത്തുകയും ഇയാൾ ഒളിവിലിരുന്ന സ്ഥലം കണ്ടെത്തുകയും അവിടെ നിന്നും പിടികൂടുകയുമായിരുന്നു.

പിടിയിലായ മുഹമ്മദ് സഹർ ഒരു സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കെതിരെ മുൻപ് പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി, കഞ്ചാവു കടത്തൽ തുടങ്ങിയ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് റെയിൽവേ പൊലീസ് അറിയിച്ചു.

ഷൊർണൂർ റെയിൽവേ പൊലീസ് എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ നിഷാദ്, സജിത്, മനോജ് എന്നിവരും ആർ.പി.എഫ്. ക്രൈം ഇന്റലിജന്റ്സ് ബ്രാഞ്ചും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം