പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കുമെന്ന സർക്കാർ പ്രഖ്യാപനം വന്നതോടെ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകൾ വിഭജിച്ച് മൂന്ന് പുതിയ ജില്ലകൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമായി.
കേരളത്തിൽ ജനസംഖ്യയിൽ ഒന്നാമതുള്ള മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യത്തിന് പഴക്കമുണ്ട്. പുതിയ തീരുമാനം പുറത്തുവന്നതോടെ ചർച്ച സജീവമായിട്ടുണ്ട്.
47 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ല വിസ്തൃതിയിൽ മൂന്നാമതാണ്. ജനസംഖ്യാനുപാതികമായി സർക്കാർ സേവനങ്ങളും സൗകര്യങ്ങളും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് മലപ്പുറം വിഭജനത്തിനായി ഉന്നയിക്കപ്പെടുന്ന പ്രധാന കാരണം.
തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാണ് പ്രധാനമായും ഉയരുന്ന നിർദ്ദേശം. സന്തുലിത വികസനം വരണമെങ്കിൽ ജനസംഖ്യാനുപാതികമായ വിഭജനം വേണമെന്ന് മുൻ എം.എൽ.എ കെ.എൻ.എ ഖാദർ ഉൾപ്പെടെയുള്ളവർ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ പട്ടാമ്പി കേന്ദ്രമാക്കി പുതിയ വള്ളുവനാട് ജില്ല രൂപീകരിക്കണമെന്ന് നിയമസഭയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എയും ആവശ്യപ്പെട്ടു. ഇതോടെ പുതിയ ജില്ലയുടെ ആസ്ഥാനം തിരൂരോ പട്ടാമ്പിയോ എന്ന ചർച്ചയും സജീവമാണ്.
മലപ്പുറം ജില്ലയിൽ നിലവിൽ ഏറ്റവുമധികം തദ്ദേശ സ്ഥാപനങ്ങളും നിയമസഭാ മണ്ഡലങ്ങളുമുണ്ട്. ഇത് ഭരണപരമായ കേന്ദ്രീകരണത്തെ ബാധിക്കുന്നുണ്ട്. 1969ൽ മലപ്പുറം ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്ന ജനസംഖ്യ ഇപ്പോൾ മൂന്നിരട്ടിയിലേറെയായി വർദ്ധിച്ചിരിക്കുകയാണ്. ഭരണപരമായ പുരോഗതിക്കുള്ള നിക്ഷേപമാകും ജില്ലാ വിഭജനമെന്ന് മുൻ തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര റിപ്പോർട്ട് നൽകിയിരുന്നു.
വിഭജന ചർച്ചകളിൽ പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ഉയർന്ന ജനസംഖ്യയുള്ള ചില പ്രദേശങ്ങളെക്കൂടി ഉൾപ്പെടുത്തുന്നതും നിർദ്ദേശങ്ങളിലുണ്ട്. എറണാംകുളം വിഭജിച്ച് മൂവാറ്റുപുഴയിലും തിരുവനന്തപുരം വിഭജിച്ച് നെയ്യാറ്റിൻകരയിലും പുതിയ ജില്ലകൾ വേണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.
നാടിന്റെ പൊതു വികസന പ്രശ്നമായാണ് പുതിയ ജില്ലാ വിഭജനം ലക്ഷ്യമിടുന്നത്. വിഭജനം എങ്ങനെ പ്രായോഗികമാക്കാം എന്നതിനെക്കുറിച്ച് സർക്കാർ നിയമിക്കുന്ന കമ്മീഷൻ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഇതിലൂടെ നിലവിലെ യാത്രാക്ലേശവും ഭരണപരമായ ബുദ്ധിമുട്ടുകളും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
