ചലച്ചിത്ര സംയോജകൻ ഇ.എം മാധവൻ അന്തരിച്ചു

തൃത്താല മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് ഇ.എം മാധവൻ (81) നിര്യാതനായി. മലയാള ചലച്ചിത്ര രംഗത്ത് നിശ്ശബ്ദമായും നിസ്വാർത്ഥമായും അർപ്പണ ബോധത്തോടെ പ്രവർത്തിച്ച ശ്രദ്ധേയനായ ചലച്ചിത്ര സംയോജകനായിരുന്നു.

1945 ജൂൺ 19ന് മേഴത്തൂർ ഇരിക്കപ്പാട്ടിൽ മങ്ങാട്ട് കുടുംബത്തിൽ ജനിച്ച അദ്ദേഹം, ഗ്രാമീണ ജീവിതത്തിന്റെ ലാളിത്യവും കഠിനാധ്വാനത്തിന്റെ മൂല്യവും ജീവിതത്തിലുടനീളം ഹൃദയത്തോട് ചേർത്തുവെച്ച വ്യക്തിയായിരുന്നു. കൃഷിയിടങ്ങളിൽ നിന്നാരംഭിച്ച അദ്ദേഹത്തിന്റെ ജീവിതയാത്ര, പിന്നീട് മലയാള ചലച്ചിത്ര ലോകത്തിന്റെ സാങ്കേതിക മേഖലയായ ചലച്ചിത്ര സംയോജനത്തിലേക്ക് എത്തിച്ചേർന്നു.

1969ൽ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ പ്രമുഖ സംവിധായകരുടെയും സാങ്കേതിക വിദഗ്ധരുടെയും വിശ്വസ്ത സഹപ്രവർത്തകനായി മാറി. പി.ഭാസ്കരൻ, ശശികുമാർ, എ.ബി രാജ്, എം.കൃഷ്ണൻ നായർ, ശ്രീകുമാരൻ തമ്പി, ജോഷി, പ്രിയദർശൻ, കൊച്ചിൻ ഹനീഫ, തമ്പി കണ്ണന്താനം, ടി.എസ് സുരേഷ് ബാബു തുടങ്ങി മലയാള സിനിമയിലെ അനേകം പ്രമുഖരോടൊപ്പം പ്രവർത്തിച്ച അദ്ദേഹം, മലയാള ചലച്ചിത്ര സംയോജന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

57 വർഷത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമ ജീവിതം, ആത്മാർത്ഥതയുടെയും അച്ചടക്കത്തിന്റെയും കർമ്മനിരതയുടെയും ഉദാത്ത മാതൃകയായിരുന്നു. പ്രശസ്തിയേക്കാൾ പ്രവർത്തനത്തിന്റെ മഹത്വത്തിൽ വിശ്വസിച്ച അദ്ദേഹം, സഹപ്രവർത്തകരുടെ സ്നേഹവും ആദരവും ഒരുപോലെ നേടിയിരുന്നു. മലയാള ചലച്ചിത്ര പരിഷത്തിന്റെയും മാക്ടയുടെയും (MACTA) സജീവ അംഗമായും അദ്ദേഹം പ്രവർത്തിച്ചു.

ഭാര്യ: പ്രസന്ന. മക്കൾ: പ്രമോദ്, പ്രബിത, പ്രജിത. മരുമക്കൾ: വിക്രം, ഗോപാൽ.

സംസ്‌കാരം ഇന്ന് നാല് മണിക്ക്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം