കൊല്ലം കൊട്ടാരക്കരക്ക് സമീപം നെടുവത്തൂർ നീലേശ്വരത്ത് ടിപ്പർ ലോറി ബുള്ളറ്റിൽ ഇടിച്ച ശേഷം ബസ് കാത്തുനിന്ന വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ മീതേക്ക് മറിഞ്ഞാണ് മൂന്ന് പേർ മരിച്ചത്.
ബുള്ളറ്റ് യാത്രികൻ കടയ്ക്കോട് മാരൂർ ലക്ഷ്‌മി കോട്ടേജിൽ ഹരിലാൽ (54), കൊട്ടാരക്കര കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി നീലേശ്വരം പ്രീത ഭവനിൽ പാർഥിപൻ (15), കെ.എസ്.ആർ.ടി.സി ജീവനക്കാരൻ നീലേശ്വരം അനഘ ഭവനിൽ അജയൻ (40) എന്നിവരാണ് മരിച്ചത്. ടിപ്പർ ലോറി ഡ്രൈവർ നിസാം (40), നവനീത് (13), റിഷാഫ് (15) കുശാൽ, ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇന്ന് (ചൊവ്വാഴ്ച) രാവിലെ കൊട്ടാരക്കര അമ്പലത്തംകാല റോഡിൽ നീലേശ്വരം മുക്കോണി മുക്കിലാണ് അപകടം. അമ്പലപ്പുറം ഭാഗത്തുനിന്നും അമിത വേഗത്തിൽ വന്ന ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. ഇതേ റൂട്ടിൽ വന്ന ബുള്ളറ്റ് പ്രാധാന റോഡിലേക്ക് പ്രവേശിക്കാനായി നിർത്തിയപ്പോൾ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ബുള്ളറ്റുമായി മുന്നോട്ട് നീങ്ങിയ ലോറി ബസ് സ്റ്റോപ്പിൽ കാത്തു നിന്നവർക്ക് സമീപം മതിലും തകർത്ത് മറിഞ്ഞു. ബസ് കാത്തു നിന്നവർ അടിയിൽപ്പെട്ടു. അവരുടെ മുകളിലേക്ക് മണ്ണ് വീണു.
നാട്ടുകാരും തൊട്ട് പിന്നാലെ വന്ന ബസ്സിൽ ഉണ്ടായിരുന്നവരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്സും പോലീസും ഉൾപ്പെടെയെത്തി ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, വിവിധ സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. ജോലിക്ക് പോകാനും സ്കൂളിൽ പോകാനുമായി ബസ് കാത്തുനിന്നവരാണ് അപകടത്തിൽപെട്ടത്. അപകടമുണ്ടാക്കിയ ലോറിക്ക് മണ്ണെടുക്കാൻ പാസ്സില്ലെന്നും, ഡ്രൈവർക്ക് ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസില്ലെന്നും അധികൃതർ സ്ഥിരീകരിച്ചു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ആദ്യമായാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. ഹെവി ഡ്രൈവിംഗ് ലൈസൻസില്ലാതെയാണ് ഇയാൾ ടിപ്പർ ലോറി ഓടിച്ചിരുന്നത്. അപകടത്തിൽപ്പെട്ട ടിപ്പർ ലോറിയുടെ ഫിറ്റ്നസും പെർമിറ്റും റദ്ദാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വണ്ടിയിൽ അനുവദിച്ചതിലും കൂടുതൽ ഭാരമുണ്ടായിരുന്നു (ഓവർലോഡ്) എന്നും പരിശോധനയിൽ കണ്ടെത്തി.

