കഴിഞ്ഞ ദിവസം പട്ടാമ്പി ടൗണിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് പോലീസ് സ്റ്റേഷൻ്റെ മുന്നിൽ തടിച്ചു കൂടിയത് നാട്ടുകാരെ പരിഭ്രാന്തരാക്കിയെന്ന് കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചെറുകിട കരാറുകാരുടെ സംഘടനയും (CWSA) ഗവൺമെന്റ് കോൺട്രാക്റ്റേഴ്‌സും, വിവിധ തരത്തിലുള്ള കരാറുകാരും ചേർന്ന് ഒരു കോ-ഓഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ, പഞ്ചായത്ത്, ലേബർ ഓഫീസർ എന്നിവർക്ക് ഇതുമായി ബന്ധപ്പെട്ട ഒരു പരാതി നൽകുകയും ചെയ്തിരുന്നു.
ജൂൺ 11-ാം തിയ്യതി പാലക്കാട് ജില്ലാ ലേബർ ഓഫീസറും, CWSA, ഗവൺമെൻ്റ് കോൺട്രാക്റ്റേഴ്‌സ്, തൊഴിലാളികളുടെ ഇടനിലക്കാരുടെ സംഘടന CMOS വുമായി ചർച്ച നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ കൂലി പുതുക്കി നിശ്ചയിക്കുകയുണ്ടായി. ആ വിവരം കമ്മിറ്റിയെ അറിയിക്കുകയും അതിൻ്റെ കോപ്പി കൈമാറുകയും ചെയ്തിരുന്നു. അതിൽ മേസന് 900 മുതൽ 950 വരെയും, ഹെൽപ്പേഴ്‌സിന് 800 രൂപയുമാണ് കൂലി നിജപ്പെടുത്തിയിരുന്നത്.
എന്നാൽ അവശ്യ സാധനങ്ങളുടെ വിലവർദ്ധന കണക്കിലെടുത്ത് ഹെൽപ്പർക്ക് 900 രൂപയും ചിലവും, മേസന് 1150 രൂപയും ചിലവും കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു. ജൂൺ 21ന് കാലത്ത് പട്ടാമ്പി ബസ്റ്റാൻ്റിൽ എത്തി ഈ വിവരം തൊഴിലാളികളേയും ഇടനിലക്കാരേയും അറിയിച്ചു.
എന്നാൽ ഇക്കാര്യം അംഗീകരിക്കാതെ അവർ സ്ത്രീകളെ അണിനിരത്തി ഞങ്ങളെ കയ്യേറ്റം ചെയ്യാനും, ബസ് തടയാനും, പോലീസ് സ്റ്റേഷൻ ഉപരോധിക്കാനുമാണ് ശ്രമിച്ചത്. ഇത് നാട്ടുകാർക്കിടയിൽ ഭീതി പരത്തി. ഇവരുടെ ഇടയിലെ ക്രിമിനലുകളെ എത്രയും പെട്ടെന്ന് കണ്ടുപിടിച്ച് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ സർക്കാരും അധികാരികളും പൊതുജനങ്ങളും ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോ-ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ.എം യൂസഫ്, സെക്രട്ടറി ഹരികുമാർ, ട്രഷറർ ഇബ്രാഹിം, വൈസ് പ്രസിഡൻ്റ് കെ.പി കമാൽ, ജോയിൻ്റ് സെക്രട്ടറി അമീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
