പാലക്കാട് ജില്ലയിൽ 'മാരിയില്ലാ മഴക്കാലം വിദ്യാലയങ്ങളില്‍' എന്ന പേരിൽ പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പയിന് തുടക്കമായി. കൊതുകുജന്യ രോഗങ്ങള്‍ പ്രതിരോധിക്കാനായി ഡ്രൈഡേ ആചരിക്കേണ്ടത് അനിവാര്യമാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു. വട്ടേനാട് ഗവ. വി.എച്ച്.എസ്.എസില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പകര്‍ച്ചവ്യാധികള്‍ പകരാതിരിക്കുന്നതിന് ഓരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ട്. വെള്ളിയാഴ്ച സ്‌കൂളുകളിലും, ശനിയാഴ്ച, സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും ഡ്രൈഡേയുടെ ഭാഗമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്നും കാമ്പയിനില്‍ വിദ്യാലയങ്ങള്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ചെറുപ്പത്തില്‍ തന്നെ ശുചിത്വശീലം വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളിലൂടെ വീടുകളില്‍ സന്ദേശം എത്തിക്കുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വെയ്ക്കുന്നത്. കുട്ടികളുടെ നേതൃത്വത്തില്‍ അധ്യാപകരുടെ സഹായത്തോടെയാണ് ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സ്‌കൂളുകളില്‍ നടത്തുക.
പരിപാടിയില്‍ വി.ടി ബല്‍റാം എം.എല്‍.എ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ കുഞ്ഞുണ്ണി പകര്‍ച്ചവ്യാധി പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ക്യാമ്പയിന്‍ ലോഗോ പൊതു വിദ്യാഭ്യാസമന്ത്രി ഒറ്റപ്പാലം ഉപജില്ലാ എഡ്യുക്കേഷന്‍ ഓഫീസര്‍ സിജു തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ഗീതു മരിയ ജോസഫ് ക്യാമ്പയിന്‍ വിശദീകരണം നടത്തി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.ദിവ്യ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ശശിരേഖ, വൈസ് പ്രസിഡന്റ് പി.വി ഷാജഹാന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റസിയ അബൂബക്കര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ. ബിന്ദു തോമസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.റിയാസ്, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.എസ് ശ്രീകുമാര്‍, വട്ടേനാട് ഗവ.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പി.ജെ ജ്യോതി, പട്ടിത്തറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.ഹംസ, ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് പി.എസ് ഉഷ, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ എസ്.സയന, ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ബയോളജിസ്റ്റ് ഹബീബ് റഹ്‌മാന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.അബ്ദുള്‍ മജീദ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ പി.പി രജിത, ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
