തീ കൊളുത്തി മരിച്ച വിമുക്ത ഭടൻ്റെ മൃതദേഹം സംസ്‌കരിച്ചു. ചെർപ്ലശ്ശേരി ഗവ.ആശുപത്രിക്ക് സമീപം ധർമശാസ്ത റോഡിലെ പുലാശ്ശേരിക്കുന്നത്ത് വീട്ടിൽ നാരായണൻ കുട്ടിയാണ് (76) കഴിഞ്ഞ ദിവസം മരിച്ചത്.
അടുക്കളയിലെ എൽ.പി.ജി ഗ്യാസ് സിലിണ്ടർ വീടിന് പുറത്തേക്കിറക്കിയ ശേഷം സിലിണ്ടറിന്റെ ട്യൂബ് ദേഹത്തോട് ചേർത്തുവെച്ച് ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തുകയായിരുന്നുവെന്നാണ് നിഗമനം.
ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരിച്ചിരുന്നു.
20 വർഷത്തോളം ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച നാരായണൻകുട്ടി വിരമിച്ച ശേഷം വിദേശത്തും ജോലി ചെയ്തിരുന്നു. ഭാര്യ രണ്ടുവർഷം മുമ്പ് അസുഖ ബാധിതയായി മരിച്ചതിനെ തുടർന്ന് ഒറ്റക്കായിരുന്നു താമസം.
ചെർപ്ലളശേരി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പാലക്കാട്ടു നിന്നെത്തിയ ഫോറൻസിക് സംഘം സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി.
മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. രണ്ടു പതിറ്റാണ്ടുകാലം നാടിൻ്റെ കാവലാളായിരുന്ന സൈനികൻ്റെ ദാരുണാന്ത്യം നാടിൻ്റെ നൊമ്പരമായി മാറി.
ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: റിജു, സ്മിത, റീന, സിനി.
