സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിത ശ്രേഷ്ഠനുമായ പ്രഫസർ കെ.ആലിക്കുട്ടി മുസ്ല്യാർക്ക് നാടിൻ്റെ ബാഷ്പാഞ്ജലി. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്. 81 വയസ്സുണ്ട്. ഇന്ന് രാവിലെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തിരൂർക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടന്നു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മന്ത്രിമാരും നേതാക്കളും വിവിധ സംഘടനകളും അദ്ദേഹത്തിൻ്റെ വേർപ്പാടിൽ അനുശോചിച്ചു.
വിട വാങ്ങിയത് ആയിരക്കണക്കിന് ശിഷ്യരെ വാർത്തെടുത്ത ഗുരുനാഥനെന്ന് മുഖ്യമന്ത്രി
പ്രഫസർ കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ അനുശോചിച്ചു. അരനൂറ്റാണ്ടിലേറെ മത - വിദ്യാഭ്യാസ രംഗങ്ങളിൽ സജീവമായി നിലകൊണ്ട അദ്ദേഹം പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രിൻസിപ്പലായും സമസ്തയുടെ അമരക്കാരനായും ആയിരക്കണക്കിന് ശിഷ്യഗണങ്ങളെ വാർത്തെടുത്ത പ്രഗത്ഭ അധ്യാപകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഇംഗ്ലീഷും അറബിയും ഒരുപോലെ വഴങ്ങിയിരുന്ന ആലിക്കുട്ടി മുസ്‌ലിയാർ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂനിവേഴ്‌സിറ്റി സിലബസ് രൂപവത്കരണ സമിതി അംഗമായിരുന്നു. മുസ്ലിം വേൾഡ് ലീഗിലെ ഫിഖ്ഹ് കൗൺസിൽ അംഗമെന്ന നിലയിലും പ്രമുഖ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചും ലോകത്തിനു മുന്നിൽ ശ്രദ്ധേയമായ പണ്ഡിത പ്രാതിനിധ്യം അടയാളപ്പെടുത്തി. ജനപ്രതിനിധിയല്ലാത്ത ഒരാൾ ആദ്യമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവിയിലെത്തിയപ്പോഴും തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനായിരുന്നപ്പോഴും അദ്ദേഹം കാഴ്ചവെച്ച മിടുക്കും പൊതു സേവന രംഗത്തെ മികവും ഏറെ പ്രശംസനീയമാണ്. മതസൗഹാർദവും സാമൂഹിക പ്രതിബദ്ധതയും ഉയർത്തിപ്പിടിച്ച അദ്ദേഹത്തിന്റെ വേർപാട് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സൗഹാർദത്തിനായി നിലകൊണ്ട നേതാവ് : പ്രതിപക്ഷ നേതാവ്
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണം കേരളത്തിലെ വൈജ്ഞാനിക രംഗത്തും മതസാഹോദര്യത്തിനും വലിയ നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.
മതപണ്ഡിതൻ എന്നതിലുപരി സമാധാനത്തിനും മതസൗഹാർദത്തിനും വേണ്ടി എക്കാലവും നിലകൊണ്ട അദ്ദേഹം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരത്തെ ശക്തമായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. അഗാധ പാണ്ഡിത്യവും പക്വതയാർന്ന നേതൃപാടവവും സമന്വയിപ്പിച്ച വ്യക്തിത്വമായിരുന്നു.
മുസ്ലിം സമുദായത്തിൻ്റെ ആത്മീയവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് അദ്ദേഹം ദിശാബോധം നൽകി. മത - ബൗദ്ധിക- വിദ്യാഭ്യാസ രംഗങ്ങളെ സമന്വയിപ്പിച്ച് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വരുംതലമുറകൾക്ക് വഴികാട്ടും. അദ്ദേഹം വഹിച്ച പദവികളിലെല്ലാം കർമശേഷിയും പാണ്ഡിത്യവും അടയാളപ്പെടുത്തി. ലളിതമായ ജീവിത ശൈലിയും കണിശമായ നിലപാടുകളും പുലർത്തിയ അദ്ദേഹം ജീവിതം സമുദായ സൗഹാർദത്തിനും വിദ്യാഭ്യാസ പുരോഗതിക്കുമായി സമർപ്പിക്കുകയായിരുന്നുവെന്നും പിണറായി അനുസ്മരിച്ചു.
