മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ എക്സലൻസ് അവാർഡ് വിതരണം ശ്രദ്ധേയമായി

മുഹമ്മദ് മുഹസിൻ എം.എൽ.എയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തി വരുന്ന എക്സലൻസ് അവാർഡ് ഇത്തവണയും പട്ടാമ്പിയിൽ സംഘടിപ്പിച്ചു. ആയിരത്തോളം പ്രതിഭകളെ ആദരിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി  എം.ജോൺ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മുഹസിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ വനിതാ ഡൈവർ കെ.വി അതുല്യ, സംഗീതജ്ഞൻ സജീർ കൊപ്പം, സംവിധായകനും ഛായാഗ്രാഹകനുമായ ഷിഹാബ് ഓങ്ങല്ലൂർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

മണ്ഡലത്തിലെ എസ്.എസ്.എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും  എ.പ്ലസ് നേടിയ വിദ്യാർത്ഥികൾ, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. സ്കോളർഷിപ്പ് ജേതാക്കൾ, സർവകലാശാല റാങ്ക് ജേതാക്കൾ, കലാ-കായിക മേഖലകളിൽ സംസ്ഥാന- ദേശീയ തലത്തിൽ നേട്ടം കൈവരിച്ചവർ, വിവിധ മത്സരപരീക്ഷകളിലും അക്കാദമിക് രംഗത്തും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ഏഴ് പതിറ്റാണ്ടിലേറെ പൊതുരംഗത്ത് സജീവമായി പ്രവർത്തിച്ച ആദ്യകാല ഗ്രന്ഥശാല പ്രവർത്തകനും മികച്ച സഹകാരിയുമായ സി. അച്യുതനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഡോ.കെ.പി മുഹമ്മദ് കുട്ടി, ഡോ.ഹംസ പറമ്പിൽ, റിട്ട.ഹോണററി ക്യാപ്റ്റൻ കെ.പി വിജയകുമാർ, ഗോപാലകൃഷ്ണപിള്ള, കെ.അക്ബർ, പട്ടാമ്പിയിലെ പ്രമുഖ വ്ലോഗർമാർ എന്നിവരെയും അനുമോദിച്ചു.

ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വിജയൻ, വൈസ് പ്രസിഡന്റ് പ്രിയ പ്രശാന്ത്, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ ടി. ഗോപാലകൃഷ്ണൻ,  എൻ.പി വിനയകുമാർ,  സി.പ്രശാന്ത്, കെ.എം.എ ജലീൽ, ജയകൃഷ്ണൻ പടനായകത്ത്, ഓൾ കേരള സ്ക്രാപ് മർച്ചന്റ് അസോസിയേഷൻ രക്ഷാധികാരി കുഞ്ഞുമുഹമ്മദ് (മുത്തുക്ക) എന്നിവർ പങ്കെടുത്തു. ഡോ.കെ.പി ആഷിഫ് സ്വാഗതവും പ്രോഗ്രാം ഹെഡ് മുഹമ്മദ്‌ തൗസീഫ്  നന്ദിയും അറിയിച്ചു.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ശ്രദ്ധ എഡു ഫെസ്റ്റ് 2026 വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ പ്രയോജനകരമായി. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ, ഉന്നത പഠന- കരിയർ സാധ്യതകളെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ, വിവിധ കോഴ്‌സുകൾ, പ്രവേശന നടപടികൾ, തൊഴിൽ സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള വിശദമായ അവതരണങ്ങൾ എന്നിവ എഡുഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായി.

അഷ്ടാംഗം ആയുർവേദ ചികിത്സാലയം (ഡോ. വരുണ്‍ വിനായക് – എം.ഡി. ആയുർവേദം), അഹല്യ ഗ്രൂപ്പ് ഓഫ് അക്കാദമിക് ഇൻസ്റ്റിറ്റ്യൂഷൻസ് (ഡോ. ശ്രീജിത്ത് എം.നായർ – പ്രിൻസിപ്പൽ, അഹല്യ സ്കൂൾ ഓഫ് പാരാമെഡിക്കൽ സയൻസസ്), അൽ ഷിഫ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (നിസാം), എയിംസ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, പട്ടാമ്പി (തുളസി വിനോദ് – അക്കാദമിക് ഹെഡ്, കൊമേഴ്‌സ് വിഭാഗം), അൽ അമീൻ എഞ്ചിനീയറിംഗ് കോളേജ്, കുളപ്പുള്ളി (കമറുദ്ദീൻ കെ. പി.) തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്റ്റാളുകളും പ്രെസന്റേഷനുകളും ഒരുക്കി. 

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ട് സംവദിക്കാനും ഉന്നത പഠന സാധ്യതകളെക്കുറിച്ച് വ്യക്തത നേടാനും എഡു ഫെസ്റ്റ് മികച്ച വേദിയായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം