ചാലിശ്ശേരി സ്വദേശി ഗോപിനാഥ് പാലഞ്ചേരിയുടെ മരണമൊഴി ഏകപാത്ര നാടകത്തിൻ്റെ 211-ാം അവതരണം ഞായറാഴ്ച ചെന്നൈയിൽ നടക്കും.
മദ്രാസ് യോഗക്ഷേമ സഭയുടെ നേതൃത്വത്തിൽ ഇന്ന് നാലുമണിക്ക് അസൻ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിലാണ് വേദി. ചെന്നൈയിലെ വിവിധ കേന്ദ്രങ്ങളിൽ മറ്റു ദിവസങ്ങളിലായി അവതരണങ്ങൾ നടക്കും.
മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നൻമ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിച്ച സംസ്ഥാനതല സർഗോത്സവത്തിൽ മരണമൊഴിയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.
65-ാം വയസ്സിലും നാടകവേദിയിൽ സജീവമായ ഗോപിനാഥ് കഴിഞ്ഞ ഒന്നര വർഷമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, എറണാകുളം തുടങ്ങിയ ജില്ലകളിലെ കോളേജുകൾ, സ്കൂളുകൾ, വായനശാലകൾ, ജനമൈത്രി പൊലീസ്, എക്സൈസ് എന്നിവയുടെ ബോധവൽക്കരണ പരിപാടികളിൽ നാടകം അവതരിപ്പിച്ചു വരികയാണ്.
ലഹരിയുടെ ദൂഷ്യഫലങ്ങൾ ശക്തമായി അവതരിപ്പിക്കുന്നതാണ് ഈ നാടകം നിരവധി നാടകങ്ങളിലും ടെലിഫിലിമിലും അഭിനയിച്ചിട്ടുള്ള ഗോപിനാഥ് വിദ്യാർഥികൾക്ക് നാടക പരിശീലനവും നൽകുന്നുണ്ട്.
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയുടെ സന്നദ്ധ പ്രവർത്തകനാണ്. ലഹരിക്കെതിരെ സംസ്ഥാനത്ത് മികച്ച സ്വീകാര്യത നേടിയ മരണമൊഴി ഗോപിനാഥ് പാലഞ്ചേരിയുടെ കലാ ജീവിതത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്.
