ഇന്നലെ രാത്രിയോടെയാണ് അഞ്ചംഗ സംഘം സഞ്ചരിച്ച മിനി ബോട്ട് കോൾ പാടത്തിന് നടുവിൽ മുങ്ങിയത്. വളർത്തു മീനിന് തീറ്റ കൊടുക്കാൻ പോയതായിരുന്നു സംഘം. അഞ്ച് പേരിൽ 3 പേർ നീന്തിക്കയറി രക്ഷപ്പെട്ടു. പ്രതികൂലാവസ്ഥ കാരണം രണ്ടുപേരെ കണ്ടെത്താനുള്ള ശ്രമം വിഫലമായിരുന്നു.
കാണാതായവർക്കായി ഇന്ന് രാവിലെ മുതൽ സ്‌കൂബാ സംഘം തെരച്ചിൽ പുനരാരംഭിച്ചു. ഏറെ നേരത്തെ തെരച്ചിലിനു ശേഷം, കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.
തൊഴിലാളികളായ വിനോദ്, സതീശ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. നെടുപുഴ കരിമ്പറ്റ കോൾപ്പാടത്താണ് നാടിനെ നടുക്കിയ ദുരന്തം.
കോൾ വയൽ പാട്ടത്തിനെടുത്ത ചാഴൂർ സ്വദേശി സുനിൽ ഉൾപ്പെടെയുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. തൊഴിലാളികളായ നിഷാദ് (42), ഗിരീഷ് (48) എന്നിവരാണ് ഇന്നലെ നീന്തി കരയിലെത്തിയത്.
സുനിലിനെ പടവിൽ തളർന്നു കിടക്കുന്ന നിലയിൽ തിരച്ചിൽ സംഘം കണ്ടെത്തുകയായിരുന്നു. സുനിലിനൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരാണ് മുങ്ങിമരിച്ചത്.
നെടുപുഴ പോലീസും തൃശ്ശൂർ അഗ്നി രക്ഷാസേനയും തിരച്ചിലിൽ പങ്കാളികളായി. നെടുപുഴ എസ്.ഐ. പി.രാജനാരായണൻ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി.വൈശാഖ്, സീനിയർ ഫയർ ഓഫീസർ പി.എസ് ബിനു, ശ്രീഹരി, ദിനേശ്, ഗോകുൽ, ഷാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
