പട്ടാമ്പി താലൂക്ക് ആശുപത്രി വികസനത്തിന് റെയിൽവേയുടെ പച്ചക്കൊടി; പ്രവൃത്തി വേഗത്തിലാക്കാൻ മുഖ്യമന്ത്രിക്ക് നഗരസഭയുടെ നിവേദനം.

നിർമ്മാണം മുടങ്ങിക്കിടക്കുന്ന പട്ടാമ്പി താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിട സമുച്ചയത്തിന്റെ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കാനും കിഫ്ബി (KIIFB) ഫണ്ടുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കാനും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പട്ടാമ്പി നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി നിവേദനം നൽകി. ഇതോടൊപ്പം പദ്ധതിയുടെ വിശദാംശങ്ങളും കൈമാറി. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.

താലൂക്ക് ആശുപത്രിയിൽ പുതിയ ഒ.പി യൂണിറ്റ്, ആധുനിക കാഷ്വാലിറ്റി ബ്ലോക്ക്, അത്യാധുനിക ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കെട്ടിട സമുച്ചയ നിർമ്മാണത്തിനായി 15.57 കോടി രൂപയുടെ പദ്ധതിക്കാണ് തുടക്കമിട്ടിരുന്നത്. കിഫ്ബി ധന സഹായത്തോടെയുള്ള ഈ പദ്ധതിക്ക് 2020ൽ ഭരണാനുമതിയും (Administrative Sanction - 13.27 കോടി രൂപ) 2022ൽ സാങ്കേതികാനുമതിയും (Technical Sanction) ലഭ്യമായിരുന്നു.

'ഹൈറ്റസ്' (M/s HITES) ആണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി (SPV).  എന്നാൽ, റെയിൽവേ ഭൂമിയോട് ചേർന്നുള്ള നിർമ്മാണമായതിനാൽ റെയിൽവേയുടെ എൻ.ഒ.സി (NOC) ലഭിക്കാത്തതായിരുന്നു  പ്രധാന തടസ്സമായിരുന്നത്. നീണ്ട കാത്തിരിപ്പിനൊടുവിൽ 2026 ജൂലൈ 1ന്  റെയിൽവേയുടെ അനുമതി പത്രം ലഭിച്ചതോടെ പദ്ധതിയുടെ പ്രധാന സാങ്കേതിക തടസ്സം നീങ്ങിയിരിക്കുകയാണ്.

റെയിൽവേ അനുമതി കൂടി ലഭ്യമായ സാഹചര്യത്തിൽ, കിഫ്ബി ഫണ്ടുമായി ബന്ധപ്പെട്ട നിലവിലെ അനിശ്ചിതത്വങ്ങൾ അടിയന്തരമായി പരിഹരിച്ച് പ്രവൃത്തികൾ സമയബന്ധിതമായി ആരംഭിക്കുന്നതിന് ഭരണതലത്തിലും ബന്ധപ്പെട്ട വകുപ്പുകളിലും ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നഗരസഭാ അധ്യക്ഷൻ ടി.പി ഷാജി ആവശ്യപ്പെട്ടു. പട്ടാമ്പിയിലെയും സമീപ പ്രദേശങ്ങളിലെയും പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്വാസമേകുന്ന പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം