പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരക്ക് വധശിക്ഷ.

കുറ്റബോധമില്ലാത്ത കൊടുംകുറ്റവാളിക്ക് തൂക്കുകയർ വിധിച്ച് കോടതി. 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തുക കൊല്ലപ്പെട്ട സുധാകരൻ്റെ മക്കള്‍ക്ക് നൽകണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് വിലയിരുത്തിയ കോടതി പ്രതിക്ക് മാനസാന്തരത്തിന് സാധ്യതയില്ലെന്നും നിരീക്ഷിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചാണ് രണ്ടു പേരെ അരുംകൊല ചെയ്തത്. കൊലപാതകത്തിനുശേഷവും പ്രതിക്ക് കുറ്റബോധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറഞ്ഞ ശിക്ഷ നൽകണമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി. അതേ സമയം വധശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. 

ചെന്താമരയ്ക്ക് മാനസിക പ്രശ്നമില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് അറിഞ്ഞ ശേഷം പ്രതിയുടെ പ്രതികരണങ്ങള്‍ കോടതി വിധിയിൽ പരാമര്‍ശിച്ചു. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ടിൻ മേലുള്ള വാദങ്ങളും കോടതി ചൂണ്ടിക്കാട്ടി. 2019ൽ കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ സജിതയുടെ കേസും കോടതി പരാമര്‍ശിച്ചു. 

കൊലപാതകത്തിന് പ്രതി വ്യക്തമായി പദ്ധതിയിട്ടിരുന്നതായ സാക്ഷി മൊഴികളുണ്ട്. കൊലപാതകം പ്രതി തുടർച്ചയായി ന്യായികരിക്കുന്നുണ്ട്. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്. ബി.എന്‍.എസ് വകുപ്പ് 103(1), 126 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ചെന്താമര കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. 

വിധി പ്രസ്താവന കേൾക്കാൻ കോടതിയിലെത്തിയ ചെന്താമര വെല്ലുവിളിയും ഭീഷണിയും ഉയര്‍ത്തിയിരുന്നു. വേണ്ടി വന്നാല്‍ താന്‍ മറ്റുള്ളവരേയും കൊല്ലുമെന്നാണ് പ്രതി പറഞ്ഞത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കാന്‍ താന്‍ ഗാന്ധിജിയല്ലെന്നും എഴുതാന്‍ പറ്റുന്നതെല്ലാം എഴുതിക്കോയെന്നും ജഡ്ജിയോട് ചെന്താമര പറഞ്ഞു. തടസ്സം നിന്നാല്‍ ഇങ്ങനെ ആയിരിക്കും തന്റെ പെരുമാറ്റമെന്നും ചെന്താമര ഭീഷണിപ്പെടുത്തിയിരുന്നു. 

ചെന്താമരയ്ക്ക് മാനസിക പ്രശ്‌നം ഇല്ലെന്ന് ജില്ലാ സൈക്കോളജിസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതായി കോടതി പറഞ്ഞപ്പോള്‍ തനിക്ക് പ്രശ്‌നം ഉണ്ടെന്ന് ആരാണ് പറഞ്ഞത് എന്നായിരുന്നു ചെന്താമരയുടെ മറുപടി. വിധി പ്രഖ്യാപിക്കും മുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ തൂക്കി കൊന്നോളൂവെന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. ഒടുവിൽ തൂക്കു കയർ തന്നെ കോടതി വിധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം