പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ ഇന്ന് ഉച്ചയോടെയാണ് അപകടം. നിയന്ത്രണം വിട്ട ലോറി ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു. അപകടത്തിൽ ഒരു വിദ്യാർത്ഥി മരിച്ചു. മൂന്ന് വിദ്യാർഥികൾക്കും ഒരു നാട്ടുകാരനും അപകടത്തില്‍ പരുക്കേറ്റു.
മുണ്ടൂർ യുവക്ഷേത്ര കോളജിലെ രണ്ടാം വർഷ ബി.സി.എ വിദ്യാർഥിയും പറക്കുന്നം സ്വദേശിയുമായ മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. അഹമ്മദ് സിബിൽ, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഫാസിഹ് എന്നീ വിദ്യാർത്ഥികൾക്കും ഒരു നാട്ടുകാരനുമാണ് പരിക്ക്.
ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോയ ശേഷം വിദ്യാർഥികൾ തിരിച്ച് കോളേജിലേക്ക് മടങ്ങുമ്പോഴാണ് പാലക്കാട് ഭാഗത്ത് നിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് ഇവർക്ക് ഇടയിലേക്ക് പറഞ്ഞു കയറിയത്.
ഗുരുതതരമായി പരിക്കേറ്റ മുഹമ്മദ് ഫർഹാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു വിദ്യാർഥിയുടെ നില ഗുരുതരമാണ്.
മലമ്പുഴ പ്ലാന്‍റിൽ ആശുപത്രി മാലിന്യം എത്തിച്ച ശേഷം തിരിച്ച് കാസർകോട് ഭാഗത്തേക്ക് പോകുന്ന ലോറിയാണ് നിയന്ത്രണം വിട്ടത്. ബ്രേക്ക് തകരാറിലായതാണ് അപകട കാരണം എന്നാണ് പൊലീസിന്‍റെ നിഗമനം.
