വീട്ടില്‍ സ്ഥാപിച്ച സർവീസ് ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന്‍ മരിച്ചു.

പത്തനംതിട്ട കടമ്മനിട്ട കല്ലേലിമുക്കില്‍ മാത്തുക്കുട്ടി (75) ആണ് ലിഫ്റ്റിൽ തല കുടുങ്ങി മരിച്ചത്. ശാരീരിക പരിമിതികള്‍ നേരിടുന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. കെ.എസ്.ആർ.ടി.സി റിട്ടയേര്‍ഡ് ജീവനക്കാരനാണ് മാത്തുക്കുട്ടി. 

താഴ്ന്ന പ്രദേശത്തുള്ള റോഡില്‍ നിന്ന് ഉയർന്ന പ്രദേശത്തുള്ള വീട്ടുമുറ്റത്തേക്ക് കയറാനായി സ്ഥാപിച്ച സർവീസ് ലിഫ്റ്റിലാണ് മാത്തുക്കുട്ടിയുടെ തല കുടുങ്ങിയത്. 

വീടിന് താഴെ വാഹനം നിര്‍ത്തി ലിഫ്റ്റില്‍ കയറിയതായിരുന്നു. മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മക്കൾ വിദേശത്താണ്. 

കറന്റ് പോയി ലിഫ്റ്റ് നിന്നപ്പോള്‍ തല പുറത്തേക്കിട്ടതാവാം മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലിഫ്റ്റില്‍ തല കുടുങ്ങിക്കിടക്കുന്നത് കണ്ട് ലിഫ്റ്റ് വെട്ടിപ്പൊളിക്കാന്‍ ഭാര്യ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പരിശ്രമങ്ങള്‍ വിഫലമായതോടെയാണ് ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഫയര്‍ ഫോഴ്‌സ് എത്തിയാണ് മാത്തുക്കുട്ടിയെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പിതാവിൻ്റെ സൗകര്യാർത്ഥം രണ്ടു വർഷം മുമ്പാണ് മക്കൾ ഈ ലിഫ്റ്റ് സ്ഥാപിച്ചത്. സാധാരണ കാണുന്ന രീതിയിലുള്ള ലിഫ്റ്റല്ല ഇത്. വീടിന് പുറത്ത് സ്‌ക്വയര്‍ പൈപ്പുകളും മറ്റും ഉപയോഗിച്ചാണ് ലിഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. കറന്റ് പോയപ്പോള്‍ സ്‌ക്വയര്‍ പൈപ്പുകള്‍ക്കിടയില്‍ തല കുടുങ്ങിയാണ് ജീവന്‍ നഷ്ടമായതെന്നാണ് പ്രാഥമിക വിവരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം