പട്ടാമ്പി നഗരസഭാ പരിധിയിൽ 'SABB 2026' മാലിന്യ മുക്തം രോഗമുക്തം', 'സ്റ്റോപ്പ് ഡയേറിയ' എന്നീ ആരോഗ്യ- ശുചിത്വ ക്യാമ്പയിനുകളുടെ ഭാഗമായി ഹെൽത്ത് വിഭാഗം വ്യാപക പരിശോധന നടത്തി. നഗരസഭാതിർത്തിയിലെ വിവിധ ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
മഴക്കാല പൂർവ്വ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും, ജലജന്യ രോഗങ്ങൾ തടയുന്നതിനുമാണ് ജനങ്ങൾക്ക് വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്താൻ ആരോഗ്യ വിഭാഗം രംഗത്തിറങ്ങിയത്. പരിശോധനയിൽ സ്ഥാപനങ്ങളിലെ അടുക്കള ശുചിത്വം, ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന രീതി, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഉപയോഗിക്കുന്ന ജലത്തിന്റെ ശുദ്ധി, ജീവനക്കാരുടെ ഹെൽത്ത് കാർഡ് എന്നിവ പ്രധാനമായും വിലയിരുത്തി.
ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും, ക്രമക്കേടുകൾ കണ്ടെത്തിയതുമായ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. പൊതുജനങ്ങളുടെ ആരോഗ്യം മുൻനിർത്തി നഗരസഭാ പരിധിയിലെ മുഴുവൻ ഭക്ഷണ ശാലകളും ശുചിത്വ മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.
വരും ദിവസങ്ങളിലും നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമായി തുടരുമെന്നും നിയമാനുസൃതമല്ലാത്ത പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

👍
മറുപടിഇല്ലാതാക്കൂ