കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് ക്ലോക്ക് ടവർ തകർന്നു വീണത്. ഒഴിവായത് വൻ ദുരന്തം. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. രാവിലെ 11:10 ഓടെയാണ് സംഭവം.
ടവർ വീഴുന്ന സമയത്ത് കോഴിക്കോട്- കണ്ണൂർ പാസഞ്ചർ പ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 2.05ന് പുറപ്പെടേണ്ട ട്രെയിനായതിനാൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. ഇവിടെ ഉണ്ടായിരുന്ന ചില ജീവനക്കാർ ശബ്‌ദം കേട്ട് ഓടി മാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ക്ലോക്ക് ടവറിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് വിവരം. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഈ കെട്ടിടം. അപകടത്തെ തുടർന്ന് സ്റ്റേഷനിലെ വൈദ്യുതി ബന്ധം പൂർണമായി വിഛേദിച്ചു. പോലീസും അഗ്‌നി രക്ഷാസേനയും ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി. വൈദ്യുതി നിലച്ചതിനാൽ ട്രെയിൻ ഗതാഗതം നിർത്തിവെച്ചു. നേത്രാവതി, ഏറനാട് ട്രെയിനുകൾ മറ്റു സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
ക്ലോക്ക് ടവറിന്റെ അവശേഷിക്കുന്ന ഭാഗം കൂടി നിലംപതിക്കാനുള്ള സാധ്യത മുന്നിൽകണ്ട് പ്രദേശത്ത് ജാഗ്രത പുലർത്തുന്നുണ്ട്. റെയിൽവേ സ്‌റ്റേഷനിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പൈലിങ് അടക്കം പ്രവൃത്തി നടത്തി വരുന്നുണ്ട്. ഇതേത്തുടർന്ന് കാലപ്പഴക്കമുള്ള സ്റ്റേഷനിലെ കൂറ്റൻ ടവറുകളുടെ ബലക്ഷയം സംബന്ധിച്ചുള്ള ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്.
കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നു വീണതിന് പിന്നാലെ കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. പല വണ്ടികളും വൈകിയാണ് ഓടുന്നത്.
