കേരളത്തിനായി പുതിയതായി അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – ഹൈദരാബാദ്, നാഗർകോവിൽ – മംഗളൂരു അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ – തൃശൂർ പാസഞ്ചറുമാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തത്. തൃശൂർ - ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്താണ് ചടങ്ങ് നടന്നത്.
തിരുവനന്തപുരത്തെ സ്റ്റാർട്ട് അപ്പ് ഹബ്ബാക്കാനുള്ള നടപടികൾക്ക് വേഗം കൂടിയെന്നും വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണെന്നും നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി കേന്ദ്ര സർക്കാർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കവെ മോദി പറഞ്ഞു.
കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. മുൻപ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600ൽ അധികം പേരുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ മുഴുവൻ പാവപ്പെട്ടവരുടെയും ഉന്നമനത്തിന് നടപ്പാക്കുന്ന ഒരു മഹത്തായ സംരഭത്തിനും തിരുവനന്തപുരത്ത് തുടക്കമായിട്ടുണ്ട്. വികസിത കേരളത്തിൽ കൂടി മാത്രമേ വികസിത ഭാരതം പൂർത്തിയാക്കാനാകൂ എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പം കേന്ദ്ര സർക്കാർ ഉണ്ടാകുമെന്നും പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കവെ പ്രധാനമന്ത്രി വ്യക്തമാക്കി.
ബി.ജെ.പി വേദിയിൽ വികസനവുമായി ബന്ധപ്പെട്ട വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പുത്തിരിക്കണ്ടം മൈതാനത്തെ പ്രസംഗം അവസാനിപ്പിച്ചത്.
Summary :
The Prime Minister inaugurated three newly sanctioned Amrit Bharat trains for Kerala. The Prime Minister flagged off the Thiruvananthapuram-Tambaram, Thiruvananthapuram-Hyderabad, Nagercoil-Mangalore Amrit Bharat trains and the Guruvayur-Thrissur passenger. The Prime Minister said that the Thrissur-Guruvayur passenger will be helpful for the pilgrims. The ceremony was held at Putharikandam ground.
