ദേശമംഗലം ഗവ.ഐ.ടി.ഐക്കു സമീപം താമസിക്കുന്ന പൊട്ടികുണ്ടിൽ അഷറഫിന്റെ വീട് ഇപ്പോൾ കുരുവികളുടെ കൂടി വാസസ്ഥാനമാണ്.
നാടായ നാടൊക്കെ മേടച്ചൂടിൽ വെന്തുനീറുമ്പോൾ മരങ്ങളെല്ലാം ഇലപൊഴിച്ചു നിൽക്കുമ്പോൾ പാവം കുരുവികൾ എന്തു ചെയ്യും!
ഒടുവിൽ കുരുവി കണ്ടെത്തിയത് അഷ്റഫിന്റെ വീടാണ്. ഏതാനും ദിവസം മുമ്പ് ജനൽ ഗ്രില്ലുകൾക്കുള്ളിലൂടെ അകത്തു കടന്ന കുരുവികൾ കർട്ടൻ പൈപ്പിനും ചുമരിനുമിടയിൽ കൂട് കൂട്ടുന്നതായി ശ്രദ്ധയിൽ പെട്ടു.
ഇടക്കൊക്കെ മറ്റൊരു കുരുവിയും സഹായിക്കാൻ വരുന്നത് കാണാമായിരുന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ കൂട് നിർമ്മാണം പൂർണമാവുകയും ഒരു കിളി സ്ഥിരമായി അടയിരിക്കുന്നതും കണ്ടു.
കുരുവിയുടെ ഈറ്റില്ലത്തിന് വീട്ടുകാർ കാവലിരുന്നു. വീട്ടിലെ പൂച്ചയെ പോലും അകത്തേക്ക് കടത്തിവിട്ടില്ല.
അടയിരിക്കുന്ന കിളി ഇടക്കൊക്കെ ഭക്ഷണത്തിന് പുറത്തേക്ക് പോകുന്നതും അധികം വൈകാതെ തിരിച്ചെത്തി വീണ്ടും അടയിരിക്കുന്നതും കണ്ടിരുന്നു. അവരുടെ സഞ്ചാരത്തിനും കുട്ടികൾ തടസ്സമായില്ല.
കഴിഞ്ഞ ദിവസം കൂട്ടിൽ നിന്ന് ചെറിയ ചെറിയ പാഴ്വസ്തുക്കൾ കൊക്കിൽ കോർത്ത് പുറത്തേക്ക് കൊണ്ടു പോവുന്നതും ചിലച്ച് ശബ്ദം ഉണ്ടാക്കുന്നതും, ഒപ്പം തന്നെ മറ്റൊരു കിളി കൂടിന്റെ മുകളിൽ വന്നിരിക്കുന്നതും കാണപ്പെട്ടു. രണ്ട് കുരുവികളും പരസ്പരം മുഖത്തേക്കു നോക്കി പലവിധ ശബ്ദം ഉണ്ടാക്കുന്നതും കണ്ടു.
കുരുവികൾ പുറത്തുപോയ സമയത്ത് ഗ്രില്ലിന്റെ മുകളിൽ കയറി നോക്കിയപ്പോഴാണ് കണ്ണുകൾ തുറക്കാത്ത, തൂവലുകൾ മുളക്കാത്ത പറക്കമുറ്റ രണ്ട് കുഞ്ഞിക്കുരുവികൾ പിറവിയെടുത്ത് കൂട്ടിൽ കിടക്കുന്നത് കണ്ടത്.
കുരുവിക്കുഞ്ഞുങ്ങളുടെ ശബ്ദമൊന്നും കേട്ട് തുടങ്ങിയിട്ടില്ല. എങ്കിലും ഇപ്പോൾ അമ്മക്കുരുവി പുറത്തുപോയി കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണവുമായി വന്ന് രണ്ടു പേർക്കും കൊക്കിലൂടെ പകർന്നു കൊടുക്കുന്നതും, ഒപ്പം പലവിധ ശബ്ദങ്ങളാൽ തൻ്റെ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ കൊഞ്ചിക്കുന്നതും കൗതുകകരമായ കാഴ്ചയാവുകയാണ്.
കുരുവികൾക്ക് ഈറ്റില്ലമായി മാറിയ അഷ്റഫിൻ്റെ വീട്ടിലേക്ക് അയൽപക്കത്തുള്ള കുട്ടികളും വന്ന് കുരുവി കുടുംബത്തെ കണ്ട് സന്തോഷം പങ്കുവയ്ക്കുന്നുണ്ട്.
സാധാരണ ജനവാസമുള്ള വീടുകളിലോ പരിസരത്തോ പക്ഷികൾ കൂടുകൂട്ടാറില്ല എന്നാണ് പറയപ്പെടുന്നത്. പുറത്തെ കൊടും ചൂടിൽ നിന്ന് രക്ഷപ്പെടാനാവാം കുരുവികൾ പുതിയ ആവാസ കേന്ദ്രം തേടിയതെന്നാണ് നിഗമനം.
പ്രാദേശിക മാധ്യമ പ്രവർത്തകൻ കൂടിയായ അഷ്റഫിന് ഭാര്യയും, മകളും, മകനും, ആറ് മാസം പ്രായമുള്ള പേരക്കുട്ടിയുമുണ്ട്. ഇപ്പോൾ അവരോടൊപ്പം അതിഥികളായി എത്തിയ കുരുവി കുടുംബവുമുണ്ട്.
കുഞ്ഞുങ്ങൾക്ക് ചിറക് മുളക്കുന്നതോടെ അവ അമ്മക്കുരുവിയോടൊപ്പം പറന്നു പോകുമെന്നും അതുവരെ പൂച്ചകളുടെയോ മറ്റു ജീവികളുടെയോ ശല്ല്യമില്ലാതെ ഈ കുടുംബത്തെ പരിപാലിക്കേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് അഷറഫിൻ്റെ കുടുംബം.
