പരമ്പരാഗതമായി മഴവെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചാലുകൾ അടച്ചു കെട്ടുന്നവർക്കെതിരെ ഒറ്റപ്പാലം നഗരസഭ കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർ ടി.പി പ്രദീപ് കുമാർ ആവശ്യപ്പെട്ടു.
പരാതികൾ ലഭിക്കട്ടെ എന്ന് കരുതി നടപടിയെടുക്കാൻ വൈകരുത്. മഴവെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ പരിശോധിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണ്.
പുതിയ റോഡുകൾ നിർമ്മിക്കുമ്പോൾ വെള്ളം ഒഴുകി പോകാനുള്ള ചാലുകൾ ഉണ്ടാക്കണം എന്നറിയാത്ത ഉദ്യോഗസ്ഥർ ഉണ്ടാവില്ല. അനുമതി നൽകുന്നതിനു മുൻപ് അത് പരിശോധിക്കണം. പുതിയ റോഡുകൾ ഉണ്ടാക്കുമ്പോൾ നിർബദ്ധമായും ചാലുകൾക്ക് സ്ഥലം കണ്ടെത്തണം. വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന ഒരു നിർമ്മാണത്തിനും അനുമതി നൽകരുത്.
പാടങ്ങളും, വയലുകളുമൊക്കെ നികത്തി വീട് വെക്കുമ്പോൾ വെള്ളം ഒഴുകി പോകുന്നത് ഏത് വഴിയിലൂടെ ആയിരിക്കണം എന്ന സാമാന്യബോധം സ്ഥലം പരിശോധിക്കുന്ന കൃഷി ഓഫീസർക്കും നഗരസഭ എൻജീനിയർക്കും ഉണ്ടാകണം.
പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം പല സ്ഥലങ്ങളിലും വെള്ളം കയറുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട്, വെള്ളം കയറി സുരക്ഷിതത്വം ഇല്ലാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ ആർക്കും ഉണ്ടാകരുത്.
വീട് നിർമ്മാണത്തിന് നൽകുന്ന അനുമതിയോടൊപ്പം മതില് നിർമ്മാണത്തിൻ്റെ ശാസ്ത്രീയ വശം പരിശോധിക്കാതെ എങ്ങനെ വേണമെങ്കിലും മതില് കെട്ടിക്കോട്ടെ എന്ന അവസ്ഥ നാട്ടിലുണ്ട്. വെളളത്തിൻ്റെ സ്വാഭാവിക ഒഴുക്ക് പല സ്ഥലത്തും തടസ്സപ്പെട്ട് പുതിയ വെള്ളക്കെട്ടുകൾ രൂപീകൃതമായിട്ടുണ്ട്.
മതില് കെട്ടൽ, മുറ്റം ഉയർത്തൽ, ഓവ് ചാലുകൾ അടക്കൽ, മഴക്കുഴി, കിണർ, കുളങ്ങൾ തൂർക്കൽ എന്നിവ കാരണം വെള്ളം മണ്ണിലേക്ക് ഇറങ്ങി പോകാൻ പറ്റാത്ത അവസ്ഥയിൽ ഒഴുക്ക് കൂടി തടസ്സപ്പെടുമ്പോൾ വെള്ളത്തിന് ഒഴുകി പോകാൻ സ്ഥലമില്ലാതെ വരുന്ന പ്രശ്നങ്ങൾ നിരവധിയാണ്.
റോഡിലെ വെള്ളക്കെട്ട് കാരണം പുതിയ റോഡുകളും നശിച്ചു കൊണ്ടിരിക്കുകയാണ്. ചില വീടുകളിൽ നിന്നും, കടകളിൽ നിന്നും അടുക്കള മാലിന്യവും, മറ്റ് മലിന ജലവും റോഡിലേക്ക് ഒഴുക്കി വിടുന്നത് ആരുടേതായാലും ഇനിയെങ്കിലും അത് മാറേണ്ട സ്വഭാവമാണ്. മഴവെള്ളം മണ്ണിൽ ഇറങ്ങണമെന്നും അത് അതിൻ്റെ വഴിക്ക് ഒഴുകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
