ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻ്റിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ പിടികൂടിയിട്ടും കൊല്ലപ്പെട്ടയാൾ ആരെന്ന് ഇതുവരെ വ്യക്തമായില്ല. പ്രതിയെ പിടികൂടിയിട്ടും മരിച്ചതാരെന്ന് അറിയാതെ ഉഴറുകയാണ് പോലീസ്.
സുമാർ 60 വയസ് തോന്നിക്കുന്ന കർണാടക സ്വദേശിയാണെന്ന സൂചന ലഭിച്ചെങ്കിലും ആവശ്യമായ തെളിവുകൾ അഞ്ചാം ദിവസത്തിലും ലഭ്യമായിട്ടില്ല.
ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള വ്യക്തിയാണ് മരിച്ചത് എന്ന് മാത്രമാണ് രേഖയിലുള്ളത്.
മരിച്ച ആളോടൊപ്പം കാണാറുള്ള സ്ത്രീയെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും അവർ തമ്മിൽ ദീർഘകാല ബന്ധമില്ലെന്ന് തെളിഞ്ഞു. മരിച്ച ആളുടെ ഊരും പേരും അറിയാത്തതിനാൽ സ്ത്രീയെ വിട്ടയച്ചിരുന്നു. അവർ ഇപ്പോൾ ഷെൽട്ടർ ഹോമിലാണ്.
കേസിലെ പ്രതി തിരുവനന്തപുരം അരുവിക്കര വെമ്പന്നൂർ രേവതി ഭവനിൽ മധുസൂദനൻ നായരെ (58) കഴിഞ്ഞ ദിവസം ഒറ്റപ്പാലം പൊലീസ് പിടികൂടിയിരുന്നു. ആക്രി സാധനങ്ങൾ ശേഖരിച്ചു വിൽക്കുന്നയാളാണ് പ്രതി മധുസൂദനൻ നായർ.
പ്രതിയ്ക്കും കൊല്ലപ്പെട്ട ആളുടെ ഊരും പേരും അറിയില്ല. അവർ തമ്മിൽ പണമിടപാട് ഉണ്ടായിരുന്നു. കൊല്ലപ്പെട്ടയാൾക്ക് നൽകിയ പണം തിരികെ കിട്ടാത്തതുമായുണ്ടായ വൈരാഗ്യത്തെ തുടർന്നാണ് കൊല നടത്തിയതെന്ന് പ്രതി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചിരുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും ഇയാൾ മൊഴി നൽകിയിരുന്നു.
എന്നാൽ, കൊല്ലപ്പെട്ടത് 60 വയസ്സ് തോന്നിക്കുന്നയാളാണ് എന്നതിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകാത്തത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
ചൊവ്വാഴ്ച പുലർച്ചെയാണ് വയോധികനെ ബസ് സ്റ്റാൻ്റിനകത്തെ പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണം. മൃതദേഹത്തിന് സമീപം രക്തം പുരണ്ട കല്ല് കണ്ടെത്തിയതിനാൽ കൊലപാതകമാണെന്ന് വ്യക്തമായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ പൊലീസിനെ കൂടാതെ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മധുസൂദനൻ നായർ അറസ്റ്റിലായത്.
മരിച്ചയാൾ ഇതര സംസ്ഥാനക്കാരനാണെന്നാണ് പൊലീസ് നിഗമനം. സ്റ്റാൻഡിനകത്തുള്ള സി.സി.ടി.വിയിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. കൊല്ലപ്പെട്ട അജ്ഞാതനെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
