തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ പൊലിഞ്ഞ വാസുദേവന്റെ വിയോഗം തകർത്തത് ഒരു കുടുംബത്തിന്റെ നെടുംതൂൺ.

കപ്പൂർ കൊടിക്കാംകുന്നിലെ ഏതൊരു പൊതുകാര്യത്തിനും ചെറുപുഞ്ചിരിയോടെയുള്ള വാസുവിന്റെ സാന്നിധ്യം ഇനി ഉണ്ടാവില്ല. മാടിപ്പുറത്ത് വാസുദേവൻ (53) ഇനി ദുരന്ത സ്‌മരണ.

ഇന്നലെ (ചൊവ്വാഴ്ച) രാവിലെയാണ് തൃശൂരിലെ വെടിക്കെട്ട് നിർമ്മാണ ജോലികൾക്കായി വാസുദേവൻ വീട്ടിൽ നിന്ന് യാത്ര പറഞ്ഞിറങ്ങിയത്.

വൈകുന്നേരം വെടിക്കെട്ട് അപകടത്തിന്റെ വാർത്തയറിഞ്ഞപ്പോഴും വാസുദേവൻ അതിൽ ഉണ്ടാകുമെന്ന് നാട്ടുകാർ പ്രതീക്ഷിച്ചില്ല.

നാട്ടിൽ യന്ത്രം ഉപയോഗിച്ച് പുല്ലുവെട്ടിയാണ് വാസുദേവൻ കുടുംബം പോറ്റിയിരുന്നത്.  പുല്ലുവെട്ട് പണിയില്ലാത്ത സമയത്ത് അറിയുന്ന മറ്റൊരു തൊഴിലായ പടക്ക നിർമ്മാണ ജോലിക്ക് പോകാറുണ്ട്. പടക്ക നിർമ്മാണ ജോലികൾക്ക് പോയാൽ നാലോ അഞ്ചോ ദിവസം കഴിഞ്ഞാണ് പലപ്പോഴും മടങ്ങി വരാറുള്ളത്.

മാസങ്ങൾക്ക് മുൻപ് മകന് അപകടം പറ്റിയതിനാൽ ഏറെ സാമ്പത്തിക പ്രയാസത്തിലായിരുന്നു വാസുദേവൻ. ഇന്നലെ മകൻ അശ്വിൻ ദേവ് പഠന ആവശ്യത്തിനായി എറണാകുളത്ത് പോയതായിരുന്നു.

നിരവധി ക്ഷേത്രങ്ങളിലും മറ്റും ഉത്സവത്തിനു മുന്നോടിയായി കാടും പൊന്തയും വെട്ടി തെളിക്കുന്നത് വാസുദേവൻ ആയിരുന്നു.  കൃത്യമായും വൃത്തിയായും വാസുവിനെ പണി ഏൽപ്പിച്ചാൽ അത് നടക്കും എന്ന് ബന്ധപ്പെട്ടവർക്കറിയാം.  അത്രയ്ക്കും വിശ്വാസവും ഇഷ്ടവുമായിരുന്നു എല്ലാവർക്കും.

വാസുദേവന്റെ അപ്രതീക്ഷിത വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്‌ത്തി. പോസ്റ്റ് മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം കാണാൻ നാട്ടുകാർ ഒഴുകിയെത്തി.

വാസുവിന് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി നൽകി. സുഹൃത്തുക്കളും നാട്ടുകാരും കുടുംബാംഗങ്ങളെ സാന്ത്വനിപ്പിക്കാനെത്തി. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം സംസ്‌കരിച്ചു. 

ജില്ലാ പഞ്ചായത്തംഗം ടി.കെ സുനിൽകുമാർ, ഗ്രാമപഞ്ചായത് പ്രസിഡൻ്റ് നസീമ നാസർ, വൈസ് പ്രസിഡൻ്റ് പി.രാജീവ്, വാർഡ് അംഗങ്ങളായ അലി കുമരനല്ലൂർ, കെ.നൂറുൽ അമീർ, ഷിൻജേഷ് മാരായംകുന്ന്, വിവിധ രാഷ്‌ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.

ഭാര്യ : സനിത. മക്കൾ : അശ്വിൻ ദേവ്, അനുശ്രീ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം