അമ്മയോടൊപ്പം കിടന്നുറങ്ങുന്നതിനിടെ എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. മറ്റൊരു കുട്ടി ആശുപത്രിയിലാണ്. തൃശൂർ കോടാലിയിലാണ് ദാരുണ സംഭവം.
കോടാലി കാവുങ്ങൽ സിൽജോ- ജോൺസി ദമ്പതികളുടെ ഇളയ മകൻ ആൽജോ (8)ആണ് മരിച്ചത്. മൂത്ത സഹോദരൻ അനോജിനും കടിയേറ്റു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കടമ്പോട് എ.എൽ.പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് മരിച്ച ആൽജോ.
പുലർച്ചെ രണ്ടോടെ വയറുവേദനയെന്ന് പറഞ്ഞ് രണ്ട് കുട്ടികളും ഉണർന്നിരുന്നു. തുടർന്ന് ചൂടുവെള്ളം തിളപ്പിച്ച് കൊടുത്തു. തലേന്ന് പുറത്തുപോകുകയും തിരിച്ചുവന്ന് ജ്യൂസ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു. ഇതാണ് ഭക്ഷ്യവിഷബാധയെന്ന് ആദ്യം സംശയിക്കാൻ കാരണം.
ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തെ തുടർന്നാണ് ആൽജോയെ ആശുപത്രിയിൽ കൊണ്ടു വന്നത്. അപ്പോഴേക്കും ആൽജോ മരിച്ചു.
കുട്ടിയുടെ മരണത്തിന് പിറകെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. കുട്ടികൾ കിടന്നിരുന്ന കിടക്കയിൽ തലയിണയുടെ അടിയിൽ നിന്നാണ് വെള്ളിക്കെട്ടൻ ഇനത്തിൽ പെടുന്ന പാമ്പിനെ കണ്ടെത്തിയത്. വിശദ പരിശോധനയിൽ കുട്ടിയുടെ ദേഹത്ത് പാമ്പു കടിയേറ്റ അടയാളം കണ്ടെത്തി.
