ചിക്കമഗളൂരുവിലെ പ്രശസ്‌ത വെള്ളച്ചാട്ടമായ മാണിക്യധാരയ്‌ക്ക് സമീപം കാണാതായ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയ്‌ക്കായി നാലാം ദിവസവും തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലില്‍ ആണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. താഴ്‌ച്ചയുള്ള പ്രദേശത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചിക്കമഗളൂരുവിലേക്ക് വിനോദയാത്രയ്‌ക്കായി എത്തിയ പത്താം ക്ലാസ് വിദ്യാർഥിനിയാണ് ശ്രീനന്ദ. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് കാണാതായത്.
പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പർവത മേഖലയിൽ ബാബാ ബുധൻഗിരിയിലാണ് പതിനാലുകാരി ശ്രീനന്ദയെ നാലു ദിവസം മുമ്പ് കാണാതായത്. കുടുംബം ഉൾപ്പെട്ട നാൽപതംഗ സംഘത്തിലായിരുന്നു ശ്രീനന്ദ ഉണ്ടായിരുന്നത്.
വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് കുട്ടിയെ കാണാതായത്. പൊലീസും വനം വകുപ്പും ദുരന്ത നിവാരണ സേനയും ഡോഗ് സ്ക്വാഡും തിരച്ചിൽ തുടരുകയായിരുന്നു. കൂടാതെ ഡ്രോൺ ക്യാമറകളും വിന്യസിച്ചിരുന്നു.
വെള്ളച്ചാട്ടത്തിൽ വീണെന്നാണ് ആദ്യം സംശയിച്ചത്. തിരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികൾക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. കുന്നിൻ മുകളിൽ എത്തിയപ്പോഴാണ് കുട്ടി സംഘത്തിൽ ഇല്ലെന്ന വിവരം കുടുംബാംഗങ്ങൾ തിരിച്ചറിഞ്ഞത്. മിനിറ്റുകൾക്ക് മുമ്പു വരെ എല്ലാവർക്കുമൊപ്പം ഉണ്ടായിരുന്ന ശ്രീനന്ദനയുടെ പെട്ടെന്നുള്ള തിരോധാനം വലിയ ദുരൂഹതയാണ് ഉയർത്തിയത്.
ചിക്കമംഗളൂരു റൂറൽ പോലീസും വനം വകുപ്പും നാട്ടുകാരുടെ സഹായത്തോടെ വനമേഖലയിൽ നാല് ദിവസം വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മലനിരകളിലെ കനത്ത മൂടൽ മഞ്ഞും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു. വന്യമൃഗ സാന്നിധ്യമുള്ള മേഖലയായതിനാൽ കുട്ടിയുടെ സുരക്ഷയെ സംബന്ധിച്ച് കുടുംബം വലിയ ആശങ്കയിലായിരുന്നു.
ശ്രീനന്ദയ്ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉൾപ്പെടെ 15 പേർ, അന്വേഷണ സംഘത്തെ സഹായിക്കാൻ സ്‌ഥലത്ത് തങ്ങിയിരുന്നു.
പാലക്കാടു നിന്നുള്ള സംഘം സന്ദർശനം നടത്തുമ്പോൾ മറ്റു 10 പേർ കൂടി വ്യൂപോയിന്റിൽ ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത കൂടി പരിഗണിച്ച് ഇവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഡ്രോൺ പകർത്തിയ ദൃശ്യം ലഭിച്ചത്. 1500 അടി താഴ്ചയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം നടന്നു വരുന്നു.

